കൊച്ചി: (www.mediavisionnews.in) പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കും. കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി. ടി രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ്. വാദം പൂര്‍ത്തിയാക്കി ഒമ്പത് മാസത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ക്രൈബ്രാഞ്ച് അന്വേഷണം കുറ്റമറ്റതാണ് എന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. കേസ് നടത്താന്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവാക്കിയത്.
പെരിയയില്‍ കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2019 സെപ്തംബർ 30 നാണ് ഹൈക്കോടതി സിംഗിൾബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്. സിംഗിള്‍ ബെഞ്ച് നിര്‍ദേശപ്രകാരം സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ 2019 ഒക്ടോബർ 26 ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി ഒമ്പതു മാസം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. ഇതോടെ കേസന്വേഷണം തുടരാനാകുന്നില്ലന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് 2019 നവംബർ 16 നാണ് അപ്പീൽ വിധി പറയാൻ മാറ്റിയത്