ന്യൂഡല്‍ഹി: പഞ്ചാബിലെ 23 എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് പറഞ്ഞു. നിയമസഭാസമ്മേളനം തുടങ്ങാന്‍ രണ്ടുദിവസം മാത്രം ശേഷിക്കേയാണ് ഇത്രയധികം സഭാംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും അവസ്ഥ ഇപ്രകാരമാണെങ്കില്‍ നിലവിലെ സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് ഊഹിക്കാവുന്നതേയുളളൂവെന്നും അദ്ദേഹം പറഞ്ഞു. നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുളള നീക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെ പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അമരീന്ദര്‍ സിങ്.
ഇന്നുനടന്ന മുഖ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ ഒരിക്കല്‍ കൂടി സമീപിക്കാമെന്ന് മമതാ ബാനര്‍ജി നിര്‍ദേശിച്ചിരുന്നു.
യോഗത്തിന് ശേഷം പരീക്ഷ മാറ്റിവെക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ പുനരവലോകന ഹര്‍ജി സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി അഡ്വ.ജനറല്‍ അതുല്‍ നന്ദയെ അദ്ദേഹം ചുമതലപ്പെടുത്തി.
ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കുന്ന പരീക്ഷ നീട്ടിവെക്കുന്നതിനായി നമുക്കെല്ലാവര്‍ക്കും ഒറ്റക്കെട്ടായി സുപ്രീംകോടതിയെ സമീപിക്കാം. സിങ് പറഞ്ഞു.
ലോകമെമ്പാടും പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ രീതിയില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതണമെന്നും പാസ്സാകാണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധിയുടെ ഇടയില്‍ ഞാന്‍ അതെങ്ങനെ നടപ്പാക്കാനാണ്? – സിങ് ചോദിക്കുന്നു.