കാസര്‍കോട്: (www.mediavisionnews.in) ജില്ലയില്‍ നിന്ന് മംഗലാപുരത്തേക്ക് നിത്യേന തൊഴില്‍ ആവശ്യാര്‍ത്ഥം പോയി വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതിനായി ജില്ലാ ഭരണകൂടം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ തലപ്പാടി അതിര്‍ത്തിയില്‍ ഒരുക്കിയ ആന്റിജന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇന്ന് പരിശോധന നടത്തിയവരില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ബുധനാഴ്ച മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെയായി പരിശോധിച്ച 107 പേരില്‍ നിന്നുമാണ് 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാള്‍ കാഞ്ഞങ്ങാടിലെ ബാങ്ക് ഉദ്യോഗസ്ഥനും മറ്റൊരാള്‍ റവന്യൂ വകുപ്പിലെ നാഷണല്‍ ഹൈവേ ജീവനക്കാരനുമാണ്. ജോലി ആവശ്യാര്‍ഥം കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളില്‍ താമസിച്ചു വരുന്ന ഇവരുടെ കുടുംബം മംഗലാപുരത്താണ്. ഇടയ്ക്കിടെ മംഗലാപുരം പോയി വരുന്ന ഇരുവരും സ്ഥിരമായി മംഗലാപുരത്തേക്ക് യാത്ര ചെയ്യുന്നതിനായുള്ള പാസ്സ് ലഭ്യമുക്കുന്നതിനായി തലപ്പാടിയില്‍ എത്തുകയും പരിശോധന കേന്ദ്രത്തില്‍ കോവിഡ് ടെസ്റ്റിന് വിധേയരാവുകയും ചെയ്തു.
രോഗം സ്ഥിരീകരിച്ചതിനുശേഷം രണ്ടുപേരെയും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കായി ദന്തരോഗ വിദഗ്ദ്ധന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവരടങ്ങുന്ന ടീമിനെയാണ് പരിശോധനാ കേന്ദ്രത്തില്‍ നിയമിച്ചിട്ടുള്ളത്.
ദിവസവും രാവിലെ 9 മണി മുതല്‍ 2 മണി വരെയാണ് പരിശോധന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.