ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ (ജിഡിപി) റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. 23.9 ശതമാനം ഇടിവാണ് സംഭവിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലാണ് ഇടിവ്.
പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് ഇടിവ് സൂചിപ്പിക്കുന്നത്. 1996 മുതല്‍ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കടുത്ത സാമ്പത്തിക മാന്ദ്യമാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഞ്ച് ശതമാനം വളര്‍ച്ചനേടിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ജിഡിപി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു. കൊറോണ വ്യാപനത്തെത്തുടർന്ന് ഫാക്ടറികളുൾപ്പെടെയുള്ള സ്ഥാപനങ്ങൾ പൂട്ടിപ്പോയി. ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ജോലി നഷ്ടമായത്.