ഗ്വാളിയോര്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയാര്‍ സന്ദര്‍ശനത്തില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബി.ജെ.പി മെമ്പര്‍ഷിപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു നൂറിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്ന് നഗരങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.
സിന്ധ്യ പാര്‍ട്ടി വിട്ടെങ്കിലും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനൊപ്പമെന്ന് തെളിയിക്കുന്നതാണ് സംഭവസ്ഥലത്തെ ദൃശ്യങ്ങളെന്ന് എന്‍ഡി ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രചരണമാണ് ബി.ജെ.പി പദ്ധതിയിട്ടിരിക്കുന്നത്.
അതേസമയം കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാതേയും മാസ്‌കിടാതേയും ആളുകള്‍ കൂട്ടം കൂടിയതും വിമര്‍ശനം വരുത്തിവെക്കുന്നുണ്ട്. മുന്‍ മന്ത്രി ലഖന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് തടവിലാക്കിയിട്ടുണ്ട്.
മാര്‍ച്ച് 11 നാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. സിന്ധ്യ പാര്‍ട്ടി വിട്ടതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് മധ്യപ്രദേശില്‍ ഭരണം നഷ്ടമായിരുന്നു.
കോണ്‍ഗ്രസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്.
‘മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. പൊതുജനസേവനം നടത്താന്‍ ഇനി ആ പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.’
അത് ഇനിയൊരിക്കലും സാധിക്കില്ലെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നതെന്നും സിന്ധ്യ കുറ്റപ്പെടുത്തിയിരുന്നു.
അഞ്ച് എം.എല്‍.എ.മാരുടെ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനിന്നിരുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും നാലുതവണ എം.പി.യുമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഒഴിഞ്ഞശേഷം പാര്‍ട്ടി ദേശീയ അധ്യക്ഷപദവിയിലേക്കുവരെ പറഞ്ഞുകേട്ട പേരായിരുന്നു സിന്ധ്യയുടേത്.