കാസർകോട്: (www.mediavisionnews.in) ജില്ലയിൽ നിന്ന് കർണാടകയിലേക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നതിനായി ഇനി റെഗുലർ പാസ് ആവശ്യമില്ല. ജില്ലാതല കോവിഡ് കോർ കമ്മിറ്റി വിഡിയോ കോൺഫറൻസിങ് യോഗത്തിലാണ് തീരുമാനമെന്ന് കലക്ടർ ഡി. സജിത് ബാബു അറിയിച്ചു. ഇനി ആന്റിജൻ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം കോവിഡ്19 ജാഗ്രതാ പോർട്ടലിൽ റജിസ്‌ട്രേഷൻ നടത്തിയാൽ മാത്രം മതി. തലപ്പാടി ചെക് പോസ്റ്റിൽ ഇതിനാവശ്യമായ പരിശോധന നടത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫിസർ സംവിധാനം ഒരുക്കും. എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ വരുമ്പോഴും പോകുമ്പോഴും ഗൂഗിൽ സ്‌പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്തി സൂക്ഷിക്കും.
വിദ്യാർഥികൾക്കും ജീവനക്കാർക്കും ആശ്വാസം
കർണാടകത്തിൽ കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളും ക്വാറന്റീനും ഒഴിവാക്കിയത് വിദ്യാർഥികളും ജീവനക്കാരും അടക്കം ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം കർണാടക സർക്കാർ പ്രഖ്യാപിച്ച ഇളവുകളോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നു കർണാടകയിലേക്കു വരാൻ പാസുകൾ ഒന്നും തന്നെ ആവശ്യമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ അടക്കുമുള്ളവയും ഒഴിവാക്കി. കോവിഡ് ബാധ സംശയിക്കുന്നവർ സ്വമേധയാ ചികിത്സ തേടുകയും സ്വയം നിരീക്ഷണത്തിൽ കഴിയുകയുമാണ് കർണാടകത്തിൽ നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തു വിവിധ പരീക്ഷകൾ നടക്കുകയാണ്. പരീക്ഷ എഴുതേണ്ടുന്ന അന്യസംസ്ഥാന വിദ്യാർഥികളിൽ പലരും നേരത്തെ എത്തി ക്വാറന്റീനിൽ കഴിയുന്ന സ്ഥിതിയായിരുന്നു ഇതുവരെ. പുതിയ ഉത്തരവു വന്നതോടെ ഇതൊഴിവായി.
കൂടുതൽ റോഡുകളിലൂടെ യാത്രാനുമതി
നിലവിൽ യാത്ര അനുവദിച്ചിട്ടുള്ള ദേശീയപാത 66 തലപ്പാടി ചെക്പോസ്റ്റിനു പുറമേ പാണത്തൂർ, മാണിമൂല, പെർള, ജാൽസൂർ എന്നീ പ്രധാന റോഡുകളിലൂടെയും ദക്ഷിണ കന്നഡ ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി നൽകി. ഈ റോഡുകളിലൂടെ വരുന്നവരും ആന്റിജൻ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം കോവിഡ്19 ജാഗ്രതാ പോർട്ടലിൽ റജിസ്‌ട്രേഷൻ നടത്തണം. പാണത്തൂർ, മാണിമൂല, പെർള, ജാൽസൂർ എന്നീ 4 റോഡുകൾ കടന്നു പോകുന്നതും കർണാടകയുമായി അതിർത്തി പങ്കിടുന്നതുമായ പഞ്ചായത്തുകൾ അതിർത്തിയിൽ പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണം. ഈ ചെക്പോസ്റ്റുകളിൽ ആവശ്യമായ ജീവനക്കാരെയും മെഡിക്കൽ പരിശോധന നടത്തുന്നതിന് ഉൾപ്പെടെയുള്ള സംവിധാനവും ബന്ധപ്പെട്ട പഞ്ചായത്ത് തന്നെ ഒരുക്കണം.
അതിർത്തി പഞ്ചായത്തിലുള്ളവർക്ക് റജിസ്‌ട്രേഷൻ വേണ്ട
പാണത്തൂർ, മാണിമൂല, പെർള, ജാൽസൂർ റോഡുകളിലൂടെ അതിർത്തി പഞ്ചായത്തിലേക്ക് മാത്രമായി കർണാടകയിൽ നിന്ന് വരുന്നവരെ റജിസ്‌ട്രേഷൻ കൂടാതെ പ്രവേശിപ്പിക്കാം. എന്നാൽ, ആ വ്യക്തി അതതു പഞ്ചായത്തിന്റെ പരിധി വിട്ട് മറ്റൊരു പഞ്ചായത്തിലേക്ക് പ്രവേശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് ബന്ധപ്പെട്ട പഞ്ചായത്തിന്റെ ചുമതലയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.