മുള്ളേരിയ/ മംഗളൂരു: (www.mediavisionnews.in) മണ്ണിട്ട് അടച്ച ജില്ലാ അതിർത്തിയിലെ റോഡുകൾ കർണാടക തുറന്നു. സംസ്ഥാനാന്തര പാത ഉൾപ്പെടെയുള്ള റോഡുകളിലെ മണ്ണാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കർണാടക പൊലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ചെർക്കള- ജാൽസൂർ സംസ്ഥാനാന്തര പാതയിലെ ഗാളിമുഖ, കൊട്ട്യാടി, മുരൂർ എന്നിവിടങ്ങളിലെല്ലാം മണ്ണ് നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് നേരത്തെ ഇട്ട മണ്ണ് മാറ്റിയത്. വൊർക്കാടി, ബെള്ളൂർ, ദേലംപാടി പഞ്ചായത്തുകളിലെ മറ്റ് ചെറിയ റോഡുകളിലെ മണ്ണും മാറ്റി തുറന്നുകൊടുത്തു.
കോവിഡ് പകർച്ച തടയാൻ മണ്ണിട്ട് അടച്ച കാസർകോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം തുറന്നു ഒപ്പം അതിർത്തി കടന്നുള്ള യാത്രയ്ക്ക് പ്രതിമാസ പാസ് ഏർപ്പെടുത്തിയിട്ടുമുണ്ട്. അതേ സമയം കാസർകോട് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വിലക്കുകളും നിലനിൽക്കുന്നുണ്ട്. മാർച്ച് മൂന്നാം വാരം മുതൽ അടച്ചിട്ട റോഡുകളാണ് ഇന്നലെ തുറന്നത്.
ഈ റോഡുകളിലൂടെ പ്രതിദിന യാത്ര നടത്തുന്നവർ കർണാടകയിലെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ നിന്നു പ്രതിമാസ പാസ് എടുക്കണം. എല്ലാ ദിവസവും അതിർത്തി കടന്നു വരുമ്പോഴും പോകുമ്പോഴും അതത് സ്ഥലത്തെ ചെക്‌പോസ്റ്റിൽ രേഖപ്പെടുത്തുകയും വേണം. ചെക്‌പോസ്റ്റിലെ പരിശോധനക്കു വിധേയമാവുകയും വേണം. ദക്ഷിണ കന്നഡയിൽ താമസിക്കുന്നവർക്ക് സേവാസിന്ധു ആപ്പ് വഴി പാസെടുത്ത് തലപ്പാടി, ജാൽസൂർ ചെക്‌പോസ്റ്റുകളിലൂടെ ജില്ലയിൽ പ്രവേശിക്കാം. ഇവർ സംസ്ഥാനത്തു നിലനിൽക്കുന്ന ക്വാറന്റീൻ വ്യവസ്ഥകൾ കർശനമായി പാലിക്കുകയും വേണം.