കാസർകോട്ട് വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് നാല് മരണം

0
178

കാസർകോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട് ജില്ലയിലാണ് മരണശേഷം രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ  ചികിത്സയിലായിരുന്ന മഞ്ചേശ്വരം മീഞ്ച സ്വദേശി മറിയുമ്മ (75) , പരിയാരം മെഡിക്കല്‍  കോളേജില്‍ ചികിത്സയിലായിരുന്ന ഉദുമ സ്വദേശി ബി രമേശൻ എന്നിവർക്കാണ് കൊവിഡ് ബാധയുണ്ടായിരുന്നെന്ന് മരണശേഷം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 20 പേരാണ് കാസർകോ‍ട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മറിയുമ്മ ഇന്ന് രാവിലെയാണ് മരിച്ചത്. ഹൃദ്രോഗത്തെ തുടർന്ന് ഈ മാസം 11നാണ് പരിയാരത്ത് പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോട് ഇന്ന് സ്ഥിരീകരിച്ച മൂന്നാമത്തെ കൊ വിഡ് മരണമാണിത്.

ന്യൂമോണിയ ബാധിച്ച് പരിയാരം മെഡിക്കല്‍  കോളേജില്‍ ചികിത്സയിലായിരിക്കെയാണ് രമേശൻ മരിച്ചത്. ന്യൂമോണിയയും ചര്‍ദ്ദിയും ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെയും ഉദുമയിലേയും സ്വകാര്യ ആശുപത്രികളിലും ഇയാളെ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ  പുലര്‍ച്ചേയാണ് മരിച്ചത്. രമേശൻ്റെ അടുത്ത ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഈ മാസം പതിനൊന്നാം തീയതി മരിച്ച കാസർകോട് വെർക്കൊടി സ്വദേശി അസ്മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38 വയസുകാരി അസ്മ അർബുദ ബാധിതയായിരുന്നു. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കണ്ണൂർ പായം പഞ്ചായത്തിലെ ഉദയഗിരിയിലെ ഇലഞ്ഞിക്കൽ ഗോപിയും (64) കൊവിഡ് ബാധിച്ച് മരിച്ചതായി ഇന്ന് റിപ്പോർട്ട് വന്നു. കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കൊവിഡ് ന്യുമോണിയ ബാധിച്ചാണ് മരണം. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ​ഗോപിയുടെ ഭാര്യക്കും , മകനും , മരുമകൾക്കും , ചെറുമകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here