ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലെ മൊഹിന്ദ്പോര സ്വദേശിയായ അബ്ദുൽ ഹമീദ് നജാറാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാൾ ആശുപത്രിയിലാണ് മരിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ബിജെപി പ്രവർത്തകനാണ് അബ്ദുൽ ഹമീദ്. ബിജെപിയുടെ ബന്ദിപ്പോര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വസീം ബാരിയും പിതാവും സഹോദരനും കഴിഞ്ഞ മാസം വെടിയേറ്റ് മരിച്ചിരുന്നു. ഈമാസം നാലിന് മറ്റൊരു ബിജെപി നേതാവിന് വെടിവയ്പ്പിൽ പരുക്കേൽക്കുകയും ചെയ്തു.