കരിപ്പൂരിൽ‍ വൻ സ്വർണ്ണവേട്ട; കാസർകോട് സ്വദേശിയുൾപ്പെടെ രണ്ടു പേർ പിടിയിൽ

0
220

മലപ്പുറം: (www.mediavisionnews.in) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം സ്വര്‍ണമാണ് ഇന്ന് കസ്റ്റംസ് പിടികൂടിയത്.

റിയാദിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷാരീഖ് ടി പി എന്നയാളാണ് സ്വര്‍ണക്കടത്തിനിടെ  കരിപ്പൂരില്‍  ഇന്ന് ആദ്യം  പിടിയിലായത്. സ്പൈസ് ജറ്റ് വിമാനത്തിലാണ് ഷാരീഖ് കരിപ്പൂരിലെത്തിയത്. ഇയാളില്‍ നിന്ന് ഒരു കിലോ 700 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കട്ടികൾ കടത്താൻ ശ്രമിച്ചത്.വിപണിയില്‍ 81 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം. 

പിന്നാലെയാണ് ദുബായിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്നും  സ്വര്‍ണം പിടികൂടിയത്.  7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വർണവുമായി  കാസർകോട്  ബണ്ടിച്ചാൽ സ്വദേശി ഇസ്മായിലാണ് പിടിയിലായത്. മുപ്പത്തെട്ടായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും ഇയാളില്‍ നിന്ന്  പിടിച്ചെടുത്തു. ബാഗിലെ അറയില്‍ ഒളിപ്പിച്ചാണ് ഇസ്മായില്‍ സ്വര്‍ണം കടത്താൻ ശ്രമിച്ചത്. ഇരുവരേയും എയര്‍ ഇന്‍റലിജൻസ് അറസ്റ്റ് ചെയ്തു. 

ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കരിപ്പൂരില്‍ യാത്രക്കാര്‍ സ്വര്‍ണം കടത്താൻ ശ്രമിക്കുന്നത്. ഇന്നലെയും കരിപ്പൂരില്‍ സ്വര്‍ണം കടത്താൻ ശ്രമം നടന്നിരുന്നു. 500 ഗ്രാം സ്വർണം കടത്താനുള്ള ശ്രമത്തിനിടെ മലപ്പുറം പട്ടിക്കാട് സ്വദേശി കെ മൂസയാണ് ഇന്നലെ  പിടിയിലായത്. സ്പൈസ് ജെറ്റ് വിമാനാത്തില്‍ തന്നെയാണ് ഇയാളും  സ്വർണം കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here