കണ്ണൂരിൽ കോവിഡ് ബാധിതനായ പ്രതി തടവുചാടി; കാസര്‍കോട് സ്വദേശിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

0
195

കണ്ണൂര്‍: എടക്കാട്ടെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് മുങ്ങിനടക്കുന്നതിനിടെ പൊലീസ് പിടിയിലായ കാസര്‍കോട് സ്വദേശിയായ പ്രതി കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ നിരീക്ഷണകേന്ദ്രത്തില്‍ കഴിയുന്നതിനിടെ വീണ്ടും രക്ഷപ്പെട്ടു. തെക്കില്‍ മാങ്ങാട് ഹൗസിലെ റംസാന്‍ സൈനുദ്ദീന്‍ (20) ആണ് ചാടിപ്പോയത്.

വാഹനമോഷണക്കേസുകളിലടക്കം നിരവധി കേസുകളില്‍ പെട്ട് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോവിഡ് ജാഗ്രതയുടെ ഭാഗമായി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നതിനിടെ രക്ഷപ്പെട്ട റംസാനെ ഇക്കഴിഞ്ഞ ബുധനാഴ്ച ചെമനാട് പാലത്തിന് സമീപം വെച്ച് കാസര്‍കോട് സി.ഐ. പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. പിന്നീട് എടക്കാട് പോലീസിന് കൈമാറിയ പ്രതിയെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ നിന്നാണ് തിങ്കളാഴ്ച രാവിലെ അധികൃതരുടെ കണ്ണുവെട്ടിച്ച് റംസാന്‍ ചാടിപ്പോയത്. ഇയാളെ കണ്ടെത്താന്‍ ചക്കരക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്. അതിനിടെ തിങ്കളാഴ്ച റംസാന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. സൈനുദ്ദീനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. 04972851669, 9497947250, 9497980843.

LEAVE A REPLY

Please enter your comment!
Please enter your name here