കണ്ണൂരില്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ സ്വർണക്കടത്ത് സംഘങ്ങളുടെ തമ്മിലടി

0
183

കണ്ണൂര്‍: കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ സ്വർണക്കടത്ത് സംഘങ്ങളുടെ തമ്മിലടി. ദുബായിൽ നിന്നെത്തി കൂത്തുപറമ്പിലെ ലോഡ്ജിൽ നിരീക്ഷണത്തിൽ കഴിയുന്ന ബിൻഷാദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ബിൻഷാദ് അടങ്ങുന്ന സ്വർണക്കടത്ത് സംഘത്തിന്റെ എതിരാളികളാണ് ആക്രമണം നടത്തിയതെന്നും ഇരു സംഘത്തിലെ ആളുകളും പിടിയിലായതെന്നും പൊലീസ് പറഞ്ഞു.

കൂത്തുപറമ്പിലെ ബിസിഎം ലോഡ്ജിൽ വൈകീട്ട് മൂന്ന് മണിക്കാണ് സിനിമ സ്റ്റൈൽ കിഡ്നാപ്പിംഗ് നടന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ബിൻഷാദ് ഈ മാസം ഒമ്പതിനാണ് കൂത്തുപറമ്പിലെ ഈ ലോഡ്ജിൽ മുറിയെടുക്കുന്നത്. പതിനാല് ദിവസത്തെ ക്വാറന്‍റൈൻ കഴിഞ്ഞ് ഹോട്ടലിൽ നിന്ന് താഴെത്തെ നിലയിലെത്തുമ്പോഴായിരുന്നു മലപ്പുറത്ത് നിന്ന് എത്തിയ ക്വട്ടേഷൻ സംഘം ബിൻഷാദിനെ തട്ടിക്കൊണ്ടുപോകുന്നത്.

എട്ടാം തീയതി നെടുമ്പാശ്ശേരി വഴി ബിൻഷാദ് അമ്പത് ലക്ഷത്തിന്‍റെ സ്വർണ്ണം കടത്തിയിരുന്നു. പക്ഷെ സ്വർണം എത്തേണ്ടിടത്ത് എത്തിക്കാതെ കബളിപ്പിച്ചു. ബിൻഷാദിനെ അന്വേഷിച്ച് മലപ്പുറത്തെ സ്വർണ റാക്കറ്റ് സംഘം ഇരിട്ടിയിലെ ഭാര്യ വീട്ടിൽ പോയിരുന്നെങ്കിലും ആരെയും കിട്ടിയില്ല. 

പിന്നീട് മൊബൈൽ ടവ‍ർ പരിശോധിച്ചാണ് മലപ്പുറം സംഘം കൂത്തുപറമ്പ് എത്തുന്നത്. ക്വാറന്റീൻ കേന്ദ്രത്തിന്റെ ബേസ്മെന്റിൽ നിന്ന് രക്ഷപ്പെടുന്നതിന് മുന്നേ പൊലീസെത്തി ഇരു സംഘങ്ങളെയും കസ്റ്റഡിയിലെടുത്തു. 10 പേർ പിടിയിലായെന്നും സ്വർണക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here