ഓൺലൈൻ ഗെയിമർമാർക്ക് ജോലി നൽകാനുള്ള നീക്കവുമായി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് വിദ്യാർത്ഥികളായ ഓൺലൈൻ ഗെയിമർമാർക്ക് ജോലി നൽകാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. വിദ്യാർത്ഥികൾക്കായി ദേശീയ തലത്തിലുള്ള ഒരു ഗെയിമിങ് ഹെക്കത്തോൺ സംഘടിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്.
ടോയ് മേക്കിംഗ്, ഓൺലൈൻ ഗെയിമിങ് എന്നീ രണ്ട് മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. രാജ്യമെമ്പാടുമുള്ള സ്കൂൾ വിദ്യാർത്ഥികളെ ടോയ് ആർട്ട് പഠിപ്പിക്കും. ടോയ്, പപ്പറ്റ് നിർമ്മാണം സ്കൂൾ തലത്തിൽ തന്നെ ഇവർക്ക് പരിശീലിപ്പിക്കാനാണ് നീക്കം. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനമാവും ഇവർക്ക് നൽകുക. കല ഉത്സവ് എന്നാവും ഈ പദ്ധതിയുടെ പേര്.
വളരെ ബ്രഹത്തായ പാവ നിർമ്മാണ മേഖലയിൽ ഇന്ത്യ സ്വയം പരാപ്തമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ നിഷങ്ക് അറിയിച്ചു. ടോയ് ടെക്നോളജി, ഡിസൈൻ എന്നിവയിലെ നൂതന ആശ്യങ്ങൾ അടിസ്ഥാനമാക്കി ഹെക്കത്തോൺ സംഭവിക്കും. ഓൺലൈൻ ഗെയിമുകളും ഇതിൽ ഉൾപ്പെടും. പുതുക്കിയ വിദ്യാഭ്യാസ നയം അനുസരിച്ച് വേറെയും ചില മാറ്റങ്ങൾ ഉണ്ടാവുമെന്നും രമേഷ് പൊഖ്രിയാൽ പറഞ്ഞു.