എന്ത് നടപടി സ്വീകരിക്കുമെന്നറിയാന്‍ മുസ്‌ലിം സമുദായം കാത്തിരിക്കുന്നുണ്ട്; ഫേസ്ബുക്ക് ഇന്ത്യയ്ക്ക് ജീവനക്കാരുടെ കത്ത്

0
207

ന്യൂദല്‍ഹി: ഫേസ്ബുക്കിലൂടെയുള്ള വിദ്വേഷ പ്രചാരണം തടയുന്നതിന് ആവിഷ്‌ക്കരിച്ച മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടപ്പിലാക്കേണ്ടെന്ന ഫേസ്ബുക്ക് ഇന്ത്യയുടെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ജീവനക്കാര്‍.

തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് പതിനൊന്ന് ജീവനക്കാര്‍ കമ്പനി നേതൃത്വത്തിന് കത്തയച്ചു. മുസ്‌ലിങ്ങള്‍ക്കെതിരായി ഫേസ്ബുക്കില്‍ നടക്കുന്ന പ്രചരണത്തെ തള്ളിപറയണമെന്ന് അവര്‍ കത്തില്‍ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തെ പൂര്‍ണമായി തള്ളിപറയാന്‍ ഫേസ്ബുക്ക് തയ്യാറാകണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രചാരണത്തോടുള്ള സമീപനത്തില്‍ കൂടുതല്‍ സുതാര്യത കമ്പനി പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഫേസ്ബുക്കിന്റ ഇപ്പോള്‍ പുറത്തുവന്ന തീരുമാനങ്ങള്‍ സങ്കടകരമാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ തനിച്ചല്ല. കമ്പനിയുടെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സമാനഭിപ്രായമാണുള്ളത്. ഇപ്പോള്‍ ഉന്നയിച്ച ഈ പ്രശ്‌നത്തില്‍ ഫേസ്ബുക്ക് നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നറിയാന്‍ മുസ്‌ലിം സമുദായം കാത്തിരിക്കുന്നുണ്ട്- കത്തില്‍ പറയുന്നു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വ്യാജ വാര്‍ത്ത പ്രചാരണത്തിനെതിരെ നടപടിയെടുത്തില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. വിദ്വേഷ പ്രചാരണത്തിന്റെ കാര്യത്തില്‍ ഫേസ്ബുക്ക് സ്വീകരിക്കുന്ന നടപടികള്‍ പര്യാപ്തമല്ലെന്ന് കാണിച്ചായിരുന്നു പ്രതിഷേധം.

ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടന്ന തീരുമാനം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.

വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നായിരുന്നു ആരോപണങ്ങള്‍ക്ക് മറുപടിയായി ഫേസ്ബുക്ക് നേതൃത്വം പറഞ്ഞത്.

ബി.ജെ.പിയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്ന ആരോപണവും ഫേസ്ബുക്ക് ഇന്ത്യ തലവന്‍ അജിത് മോഹന്‍ നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് കമ്പനിയിലെ ജീവനക്കാര്‍ തന്നെ സ്ഥാപനത്തിന്റെ സമീപനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here