മറയൂര്‍: ഇടുക്കി മറയൂര്‍ പാണപ്പെട്ടി കുടിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചന്ദ്രികയുടെ സഹോദരീപുത്രന്‍ അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാളിയപ്പന്‍, മണികണ്ഠന്‍, മാധവന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരന്‍. ആദിവാസി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീയാണ് ചന്ദ്രിക.
പ്രതികള്‍ ചന്ദനത്തടി മുറിച്ച് കടത്തിയത് ഫോറസറ്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഫോറസ്റ്റിന് വിവരങ്ങള്‍ നല്‍കിയത് ചന്ദ്രികയാണെന്ന് ആരോപിച്ചാണ് പ്രതികള്‍ ചന്ദ്രികയെ കൊലപ്പെടുത്തിയെന്നാണ് സൂചന.
മറയൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി വരുന്നേയൂള്ളൂ.
വെടിവെച്ച പ്രതികളെ നാട്ടുകാര്‍ തന്നെ പിടികൂടിയ ശേഷം കെട്ടിയിടുകയും തുടര്‍ന്ന് പൊലീസിന് കൈമാറുകയുമായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അനധികൃതമായി നാടന്‍ തോക്ക് സൂക്ഷിക്കുന്നവരാണ് ഇവര്‍. കാട്ടില്‍ വേട്ടയ്ക്ക് പോകുമ്പോള്‍ ഉപയോഗിക്കുന്ന തോക്ക് കൊണ്ടാണ് വെടിയുതിര്‍ത്തത് എന്നാണ് അറിയുന്നത്.
അബദ്ധത്തില്‍ സംഭവിച്ച കാര്യമല്ലെന്നും മനപൂര്‍വം വെടിവെച്ചുകൊലപ്പെടുത്തിയതാണെന്നുമാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.