കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെയുടെ പ്രൊഫഷണൽ, വ്യക്തിജീവിതമൊക്കെ ചർച്ചയാവുകയാണ്. 30 വർഷത്തെ ഏവിയേഷൻ പരിചയമുള്ള അദ്ദേഹത്തിന്റെ പരിചയ സമ്പത്തിനെയും പ്രാഗൽഭ്യത്തെ കുറിച്ചും എല്ലാവർക്കും നല്ലതേ പറയാനുള്ളൂ. അതേസമയം തന്നെ അദ്ദേഹത്തിന്റെ പേരിൽ വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. അദ്ദേഹം പാടിയതെന്ന പേരിൽ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഒരു സൈനിക പരിപാടിയിൽ ‘ഘർ സെ നികൽതേ ഹീ’ എന്ന ഗാനം ഒരു സൈനിക ഉദ്യോഗസ്ഥൻ പാടുന്ന വിഡിയോ ആണ് ദീപക് സാത്തെയുടേതായി പ്രചരിക്കുന്നത്. എന്നാൽ യഥാർഥത്തിൽ ആ വിഡിയോയിലുള്ളത് നാവിക സേനയുടെ മുൻ കമാൻഡർ ഇൻ ചീഫ് വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയാണ്. വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ അദ്ദേഹം പാട്ടുപാടുന്നതാണ് ദീപക് സാത്തെയുടേതായി പ്രചരിക്കുന്നത്.
യഥാർഥ വിഡിയോയുടെ തുടക്കത്തിൽ വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയുടെ പേര് അനൗൺസ് ചെയ്യുന്നുണ്ട്. എന്നാൽ ഈ ഭാഗം ഒഴിവാക്കിയാണ് പാടുന്നത് ദീപക് സാത്തെയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത പാപ്പ കെഹ്തേ ഹേ എന്ന സിനിമയിലെ ഗാനമാണ് ഇത്.