ദുബായ്: രണ്ടാം തവണയും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടി ഇന്ത്യക്കാരൻ. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഉദ്യോഗസ്ഥനായ നിതേഷ് സുഗ്‍നാനിയാണ് ബുധനാഴ്ച ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നടത്തിയ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയ്ർ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്.
337 സീരിസിലെ 2321 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഓഗസ്റ്റ് 13ന് നിതേഷ് ഓണ്‍ലൈനായാണ് ടിക്കറ്റെടുത്തത്. 30 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നിതേഷ് 15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ്. 2011ല്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലൂടെ നിതേഷിന് ബി.എം.ഡബ്ല്യൂ 750Li കാര്‍ സമ്മാനമായി ലഭിച്ചിട്ടുമുണ്ട്. 1995ല്‍ നിതേഷിന്റെ പിതാവിനും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ബി.എം.ഡബ്ല്യൂ 850 CiA കാര്‍ ലഭിച്ചിട്ടുണ്ട്.
വീണ്ടും ജയിക്കുമെന്ന വിശ്വാസമുള്ളതിനാലാണ് നറുക്കെടുപ്പിൽ പങ്കെടുത്തതെന്ന് നിതേഷ് പറയുന്നു. ദുബായിലും ദുബായ് ഡ്യൂട്ടി ഫ്രീയിലും മാത്രമാണ് ഇത്തരമൊരു അവസരമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
1999 ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിനുശേഷം പത്ത് ലക്ഷം യുഎസ് ഡോളർ നേടിയ 167-ാമത് ഇന്ത്യക്കാരനാണ് നിതേഷ് സുഗ്നാനി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ കൂടുതൽ പേരും ഇന്ത്യക്കാരാണ്.
മറ്റൊരു ഇന്ത്യക്കാരനായ ജോബി ജോണിനും ഇന്നത്തെ നറുക്കെടുപ്പില്‍ ആംഢംബര ബൈക്ക് സമ്മാനമായി ലഭിച്ചു. ഓഗസ്റ്റ് 12ന് ഓണ്‍ലൈനിലെടുത്ത 0596 നമ്പര്‍ ടിക്കറ്റാണ് അദ്ദേഹത്തെ വിജയിയാക്കിയത്. 36കാരനായ അദ്ദേഹം ദുബായില്‍ മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് രണ്ടാഴ്‍ച മുമ്പാണ് സ്വന്തമാക്കിയത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനാണ് ജോബി ജോണ്‍.