വിദ്യാനഗർ : ക്രൈസ്തവ ദേവാലയത്തിലെ സെമിത്തേരിയിലേക്ക് കടന്നുചെന്ന ആറ് മുസ്‌ലിം ചെറുപ്പക്കാരുടെ സ്നേഹകരങ്ങളാലായിരുന്നു ആ അമ്മയ്ക്ക് അന്ത്യവിശ്രമം. വെളിവായത് മതസാഹോദര്യത്തിന്റെ നേർക്കാഴ്ച. വിദ്യാനഗർ പന്നിപ്പാറയിൽ കോവിഡ് ബാധിച്ച മരിച്ച 81 വയസ്സുള്ള അസസ് ഡിസൂസയ്ക്കാണ് കാസർകോട് റെയിൽവേ സ്റ്റേഷനടുത്തെ ഡോളേഴ്സ് ദേവലായ സെമിത്തേരിയിലെത്തി മുസ്‌ലിം ചെറുപ്പക്കാർ അന്ത്യവിശ്രമമൊരുക്കിയത്. ചെങ്കളയിലെ വൈറ്റ് ഗാർഡ് വൊളന്റിയർമാരാണിവർ.
കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന അസസ് ഡിസൂസ മരിച്ചശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസർകോട് ജനറൽ ആസ്പത്രയിലെ പരിശോധനയിൽ ഇവർക്ക് കോവിഡാണെന്ന് വ്യക്തമായതോടെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള ശവസംസ്കാരത്തിന്റെ തയ്യാറെടുപ്പായിരുന്നു സെമിത്തേരിയിൽ. ഈ മാനദണ്ഡം എങ്ങനെ പ്രാവർത്തികമാക്കാമെന്ന ബന്ധുക്കളുടെയും പുരോഹിതരുടെയും ആശങ്ക ദൂരീകരിച്ച് മുസ്‌ലിം ലീഗിലെ വൈറ്റ് ഗാർഡുകളെത്തി.
ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ ഈ അഭ്യർഥനയുമായെത്തിയപ്പോൾ എല്ലാവരും പി.പി.ഇ. കിറ്റ് ധരിച്ച് മുന്നോട്ടുവന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീർ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഫാ. സന്തോഷ് ലോബോ കാർമികത്വം വഹിച്ചു. മേൽനോട്ടത്തിനായി ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജെ.എച്ച്.ഐ. രാജേഷ്, സുധീഷ് എന്നിവരുമെത്തിയിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ അബൂബക്കർ കരുമാനം, ചെങ്കള പഞ്ചായത്ത് ക്യാപ്റ്റൻ ഗഫൂർ ബേവിഞ്ച, സി. സലീം, അബ്ദുൽ ഖാദർ, ഫൈസൽ ചെർക്കള, ഫൈസൽ ചെമനാട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പന്നിപ്പാറ എം.ജി. നഗറിലെ പരേതനായ വില്യം ക്രാസ്റ്റയാണ് അസസ് ഡിസൂസയുടെ ഭർത്താവ്. മക്കൾ: ജോൺ ക്രാസ്റ്റ, പീറ്റർ ക്രാസ്റ്റ, സലീം ക്രാസ്റ്റ, മാഗ്ഡലിൻ ക്രാസ്റ്റ, ഇനാസ് ക്രാസ്റ്റ (ഡ്രൈവർ, വിദ്യാനഗർ), കാർമിൽ ക്രാസ്റ്റ, ഐറിൻ ക്രാസ്റ്റ, പരേതരായ ബെഞ്ചമിൻ ക്രാസ്റ്റ, സ്റ്റാലി ക്രാസ്റ്റ. മരുമക്കൾ: ലൂസി ഡിസൂസ, മാക്ഡലിൻ മജാഡോ, റക്സി ഡിസൂസ, മാർക് മസാഡോ, ജോസ്‌ന ഡിസൂസ, ശ്രീജ, മൗറിഷ് ഡിസൂസ, ജോയ് ഡിസൂസ, ഫിലോമിന ഡിസൂസ. സഹോദരങ്ങൾ: ജൂലിയാന ഡിസൂസ, പരേതയായ മെർസിൻ ഡിസൂസ.