അയോധ്യ: അയോധ്യയില്‍ മസ്ജിദ് നിര്‍മ്മിക്കുന്നതിന് വേണ്ടി സംഭാവനകള്‍ തേടി സുന്നി വഖഫ് ബോര്‍ഡ് നേതൃത്വം നല്‍കുന്ന ഇന്‍ഡോ- ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഓണ്‍ലൈനായി സംഭാവന സ്വീകരിക്കുന്നതിന് വെബ്‌സൈറ്റും ആരംഭിച്ചു.
രണ്ട് സ്വകാര്യ മേഖല ബാങ്കുകളില്‍ ട്രസ്റ്റ് അക്കൗണ്ടുകള്‍ ആരംഭിക്കാനാണ് ട്രസ്റ്റ് തീരുമാനിച്ചത്. സുപ്രീം കോടതി വിധി പ്രകാരം വഖഫ് ബോര്‍ഡിന് അയോധ്യയിലെ ദന്നിപൂരില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി എന്നിവയാണ് നിര്‍മ്മിക്കുകയെന്ന് ട്രസ്റ്റ് സെക്രട്ടറി അതര്‍ ഹുസൈന്‍ പറഞ്ഞു.
സംഭാവനകള്‍ സ്വീകരിക്കുന്നതിനും കണക്കുകള്‍ സൂക്ഷിക്കുന്നതിനും വേണ്ടി ഒരു ഫിനാന്‍ഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. അമുസ്ലിം ആയവരെയും സംഭാവനകള്‍ അയക്കുന്നതിന് സ്വാഗതം ചെയ്യുകയാണ്. മസ്ജിദും മറ്റ് പൊതുസ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതിന് സംഭാവന നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നതെന്നും അതര്‍ ഹുസൈന്‍ പറഞ്ഞു.
ഒന്‍പത് പേരാണ് ഇപ്പോള്‍ ട്രസ്റ്റിലുള്ളത്. ആറ് പേരെ കൂടി ഇനി ട്രസ്റ്റില്‍ അംഗങ്ങളാക്കും.