അസമിലെ ഒരു ടെലിവിഷന്‍ സീരിയലിനെ ചൊല്ലി വിവാദം. ബീഗം ജാന്‍ എന്ന സീരിയലാണ് വിവാദത്തിലായിരിക്കുന്നത്. മുസ്‌ലിം നായകന്റെ വീട്ടില്‍ ഹിന്ദു മതക്കാരിയായ നായിക അഭയം തേടുന്ന കഥയാണ് സീരിയലിന്റേത്. സീരിയല്‍ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുമുണ്ടെന്നാണ് ആരോപണം.
പരാതിയുടെ അടിസ്ഥാനത്തില്‍ സീരിയലിന് രണ്ട് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയതായി ഗുവാഹത്തി പൊലീസ് കമ്മീഷണര്‍ എം.പി ഗുപ്ത അറിയിച്ചു. ഹിന്ദു ജഗ്രന്‍ മഞ്ച്, ഓള്‍ അസം ബ്രാഹ്മിണ്‍ യൂത്ത് കൗണ്‍സില്‍, യുണൈറ്റഡ് ട്രറ്റ് ഓഫ് ആസാം എന്നിവയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
‘ബീഗം ജാന്‍ ഹിന്ദു സമൂഹത്തിന്റെയോ അസാമീസ് സമൂഹത്തിന്റെയോ ധാര്‍മ്മികതയെ ശരിയായ അര്‍ത്ഥത്തില്‍ കാണിക്കുന്നില്ല. ഇത് ബ്രാഹ്മണരെ നിന്ദിക്കുന്നു. ഇപ്പോള്‍ തന്നെ അസമില്‍ ലവ് ജിഹാദ് ഉണ്ട്. ഈ സീരിയല്‍ ഇതിനെ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാക്കും,’ ഹിന്ദു ജഗ്രന്‍ മഞ്ച് സംസ്ഥാന ചീഫ് മൃനാല്‍ കുമാര്‍ പറഞ്ഞു.
അതേ സമയം നടപടിക്കെതിരെ സീരിയല്‍ സംപ്രേഷണം ചെയ്ത പ്രാദേശിക ചാനല്‍ രെംഗോണി അധികൃതര്‍ രംഗത്തു വന്നു. മതവിദ്വേഷ പരമായി ഒന്നും സീരിയയില്‍ ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.
‘ ഇതിന് ലവ് ജിഹാദുമായി ഒരു ബന്ധവുമില്ല. ഒരു മുസ്‌ലിം പ്രദേശത്ത് അകപ്പെട്ട് കുഴപ്പത്തിലായ ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്‌ലിം പുരുഷന്‍ രക്ഷപ്പെടുത്തുന്നതാണ് ഇതിന്റെ കഥ,’ ചാനലിന്റെ മാനേജിംഗ് ഡയരക്ടറും ചെയര്‍ പേഴ്‌സണുമായ സജ്ഞീവ് നാരായണ്‍ പറഞ്ഞു.
വിലക്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സീരിയയിലെ നായികയെ അവതരിപ്പിച്ച പ്രീതി കൊംകൊനയ്ക്ക് നേരെ വ്യാപമായി സോഷ്യല്‍ മീഡിയയില്‍ നിന്നും ബലാത്സംഗ ഭീഷണികള്‍ വരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.