സംസ്ഥാനത്ത് രണ്ടുദിവസംകൊണ്ട് സ്വര്‍ണവില 2,400 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തില്‍ പവന്റെ വില 42,000 രൂപയില്‍നിന്ന് 39,200 രൂപയിലേയ്ക്കാണ് താഴ്ന്നത്.
ദേശീയ വിപണിയിലാകട്ടെ 10 ഗ്രാം തനിത്തങ്കത്തിന്റെ വിലയില്‍ 5000 രൂപയും ഇടിവുണ്ടായി. എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണവില 50,502 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതിനിടെ ദിവസത്തിലെ താഴ്ന്ന നിലവാരമായ 49,995 രൂപയിലേയ്‌ക്കെത്തുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റവും ഉയര്‍ന്ന നിലവാരമായ 56,000 രൂപയ്ക്കുമുകളില്‍ വിലയെത്തിയത്.
ലോകത്ത് ആദ്യമായി റഷ്യ കോവിഡിനെതിരായി വാക്‌സിന്‍ വികസിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെയുണ്ടായ കനത്ത വില്പന സമ്മര്‍ദമാണ് സ്വര്‍ണത്തിന്റെ കരുത്തുചോര്‍ത്തിയത്.
കോവിഡ് വാക്‌സിന്‍ തയ്യാറായതും അതിനെതുടര്‍ന്നുള്ള ലാഭമെടുപ്പും സ്വര്‍ണത്തെ സമ്മര്‍ദത്തിലാക്കിയതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം തലവന്‍ ഹരീഷ് വി പറയുന്നു.
ഓഹരി വിപണി തുടര്‍ച്ചയായി നേട്ടമുണ്ടാക്കിയതും യുഎസ് ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതും ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് തരിച്ചടിയായതായി.
കഴിഞ്ഞ ദിവസം ആറുശതമാനം ഇടിഞ്ഞശേഷം ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ ബുധനാഴ്ചയും രണ്ടുശതമാനം താഴ്ന്നു. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരമായ ഒരു ഔണ്‍സിന് 1,872.19 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. കഴിഞ്ഞദിവസം 15ശതമാനം താഴ്ന്നതിനുപിന്നാലെ ബുധനാഴ്ചയും 2.8ശതമാനം ഇടിവുരേഖപ്പെടുത്തി.
സ്വര്‍ണവിലയില്‍ രണ്ടുശതമാനം തിരുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എന്നാല്‍ ഈവര്‍ഷം ഇതുവരെ 25ശതമാനത്തിലേറെ വില ഉയര്‍ന്നിട്ടാണ് ഈ തിരിച്ചിറക്കം.
കോവിഡ് വ്യാപനത്തിന്റെ പിടിയില്‍ രാജ്യങ്ങളുടെ സമ്പദ്ഘടന മാന്ദ്യത്തിലകപ്പെടുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനായി സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് വിലവര്‍ധനയ്ക്കിടയാക്കിയത്.