രണ്ട് മാസം സോഷ്യൽ മീഡിയ ഉപയോ​ഗിക്കരുത്; വിദ്യാർഥിക്ക് ജാമ്യം നൽകിയത് ഈ വ്യവസ്ഥയിൽ

0
233

സോഷ്യല്‍ മീഡിയയില്‍ നിന്ന് രണ്ട് മാസം വിട്ടുനില്‍ക്കണമെന്ന നിബന്ധനയോടെ കോളജ് വിദ്യാർഥിക്ക് കോടതി ജാമ്യം നല്‍കി. ഫേസ്ബുക്ക്, വാട്സ് ആപ്പ് ഉൾപ്പെടെ ഒരു സോഷ്യൽ മീഡിയയും ഉപയോ​ഗിക്കാൻ പാടില്ലെന്നാണ് ഉത്തരവ്. മധ്യപ്രദേശ് ഹൈക്കോടതിയിലെ ​ജസ്റ്റിസ് ആനന്ദ് പഥക് ആണ് ഇത്തരമൊരു വ്യവസ്ഥയിൽ ജാമ്യം നൽകിയത്.

18കാരനായ അ​ഗ്രിക്കൾച്ചറൽ വിദ്യാര്‍ത്ഥിയെ ജൂണ്‍ 24ന് പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ആം​ഗ്യം കാണിക്കൽ, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചുകടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യം അനുവദിക്കണമെന്നും വിദ്യാർഥിയുടെ അഭിഭാഷകൻ വാദിച്ചു.

വിദ്യാർഥി സോഷ്യൽ മീഡിയ ഉപയോ​ഗിക്കരുതെന്ന് മാത്രമല്ല, ആരോ​ഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും പഠനം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ അഞ്ച് മരങ്ങള്‍ വച്ചുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. ഓരോ മാസത്തിലും ചെടി പരിപാലനത്തിന്റെ ഫോട്ടോ കോടതിയിൽ സമർപ്പിക്കണം. 50000 രൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കണം. പൊലീസ് അന്വേഷണത്തോട് സഹകരിക്കണം. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്യാനോ രാജ്യം വിട്ടുപോകാനോ പാടില്ല എന്നിങ്ങനെയുള്ള നിബന്ധനകളുമുണ്ട്.

കഴിഞ്ഞ ആഴ്ചയും മധ്യപ്രദേശ് ഹൈക്കോടതി വിചിത്ര ജാമ്യ നിബന്ധന മുന്നോട്ടുവെച്ചിരുന്നു. പീഡന കേസിലെ പ്രതിക്ക് ജാമ്യം നൽകണമെങ്കിൽ പരാതിക്കാരി രാഖി കെട്ടണമെന്നും അവളെ എന്നും സംരക്ഷിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here