പെരിയാറിൽ മൃതദേഹം കണ്ടെന്ന വാർത്തയെ തുടർന്ന് നടന്നത് മൂന്ന് മണിക്കൂർ നീണ്ട സാഹസിക തെരച്ചിൽ. ഇന്നലെയാണ് സംഭവം. മീൻ പിടുത്തം കഴിഞ്ഞ് മടങ്ങിയ തൊഴിലാളികളാണ് അങ്കമാലി ചെങ്ങമനാട് ഭാഗത്ത് പെരിയാറിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി ആദ്യം സംശയം ഉന്നയിച്ചത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരും സ്ഥലത്തേക്ക് എത്തി.
മൃതദേഹം കരക്കടുപ്പിക്കാൻ പെരിയാറിൽ ഇറങ്ങുന്നവർക്ക് ധരിക്കാനുള്ള പിപിഇ കിറ്റുമായാണ് ചെങ്ങമനാട് പൊലീസെത്തിയത്. ഒപ്പം ആലങ്ങാട് പൊലീസ് ഫൈബർ ബോട്ടിലും സ്ഥലത്തത്തി. മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹത്തിനായി തെരച്ചിൽ തുടങ്ങി. രണ്ടര മണിക്കൂർ പണിപ്പെട്ടിട്ടും പുറത്തെടുക്കാനായില്ല. ഒടുവിൽ ഇല്ലിപ്പടർപ്പിന്റെ അടിയിൽ മുങ്ങിയെത്തി പരിശോധിച്ചു. ഒടുവിൽ മൃതദേഹത്തിന്റെ യഥാർത്ഥ രൂപം വെളിവായി.
വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് പുറംതള്ളിയ പ്രതിമയുടെ അവശിഷ്ടമായിരുന്നു കുടുങ്ങിക്കിടന്നത്. പഞ്ഞികൊണ്ടുണ്ടാക്കിയ തലഭാഗം വെള്ളത്തിൽ കുതിർന്നു പോയി. ബാക്കിയുള്ളതിൽ കുറച്ചു ഭാഗം അടിയൊഴുക്കിൽപ്പെട്ട് പോകുകയും ചെയ്തു. പെരിയാറിൽ പൊങ്ങിയത് മൃതദേഹമല്ലെന്ന് ബോധ്യപ്പെട്ടതോടെ ജനങ്ങളിൽ ഉണ്ടായിരുന്ന ഭീതി മാറി, ചിരി പടരുകയും ചെയ്തു.