മുംബൈയ്ക്കു കൊണ്ടുപോയ 2 കോടിയുടെ ചൈനീസ് മൊബൈലുകൾ കൊള്ളയടിച്ചു

0
233

ചിറ്റൂർ∙ രണ്ടു കോടി രൂപയോളം വിലവരുന്ന സ്മാർട്ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു. ബുധനാഴ്ച  ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണു സംഭവം. വാഹനത്തിന്റെ ഡ്രൈവറെ കെട്ടിയിട്ട്, മർദിച്ച് അവശനാക്കി പുറത്തേക്ക് എറിഞ്ഞതായി നഗരി അർബൻ പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽനിന്നാണ് ലോറി വന്നത്. രാവിലെ എട്ടരയോടെ ഡ്രൈവർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചപ്പോഴാണ് കൊള്ള പുറത്തറിഞ്ഞത്. ചൈനീസ് കമ്പനിയായ ഷഓമി മൊബൈൽ നിര്‍മാതാക്കളുടെ ശ്രീപെരുംപുത്തൂരിലെ ഉൽപ്പാദന യൂണിറ്റിൽനിന്ന് മുംബൈയിലേക്ക് മൊബൈലുകളുമായി പോവുകയായിരുന്നു. അർധരാത്രി തമിഴ്നാട് – ആന്ധ്ര അതിർത്തിയിൽ എത്തിയപ്പോൾ മറ്റൊരു ലോറി വഴിയിൽ തടയുകയായിരുന്നുവെന്ന് ഡ്രൈവർ ഇർഫാൻ അറിയിച്ചു.

ആ ലോറിയിൽ എത്തിയവർ ഇർഫാനെ കെട്ടിയിട്ട് മർദിച്ച് ഒരു രഹസ്യസങ്കേതത്തിലേക്കു പോയി. പിന്നീട് കണ്ടെയ്നർ കൊള്ളയടിക്കുകയായിരുന്നു. ഇർഫാനെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് ഡ്രൈവർ പൊലീസ് സ്റ്റേഷനിലെത്തിയത്.

പിന്നീട് പകൽ 11 മണിയോടെ നാരായവനത്തിനും പുത്തുരിനും ഇടയിൽ ലോറി കണ്ടെത്തി. ശ്രീപെരുംപുത്തൂരിലെ കമ്പനിയിൽനിന്ന് പ്രതിനിധികൾ വൈകുന്നേരം മൂന്നരയോടെ നഗരിയിൽ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. 16 ബണ്ടിൽ മൊബൈൽ ഫോണുകളിൽ 8 എണ്ണം കൊള്ളയടിക്കപ്പെട്ടതായി കണ്ടെത്തി. ഇതിന് രണ്ടുകോടിയോളം രൂപ വില വരും.

നിലവിൽ ഇർഫാൻ കസ്റ്റഡിയിൽ ആണ്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here