ബെയ്റൂട്ട് (www.mediavisionnews.in) : ലെബനോൻറെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ചൊവ്വാഴ്ച രാത്രിയിൽ നടന്ന സ്‌ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
200,000 ത്തോളം ആളുകൾ സ്ഫോടനത്തിൽ ഭവനരഹിതരാരയെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇവിടെയുള്ള തുറമുഖത്തെ ഹാങ്ങർ 12 എന്ന വിമാന ശാലയിൽ സൂക്ഷിച്ചിരുന്ന 2,2750 ടൺ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്ന് വ്യക്തമായിട്ടുണ്ട്.
അത്യുഗ്രമായ സ്‌ഫോടനം നടന്ന ശേഷമാണ് നഗരത്തിൽ ഈ രീതിയിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതായി ജനങ്ങൾ പോലും അറിയുന്നത്.
ബെയ്റൂട്ടിൽ നടന്ന ഇരട്ട സ്ഫോടനങ്ങളെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുഃഖം രേഖപ്പെടുത്തി. ലെബനനിലേത് നമ്മുടെ പ്രിയ ജനങ്ങളാണെന്ന് സ്ഫോടനങ്ങൾക്ക് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. ലെബനൻകാർക്ക് ദൈവം ക്ഷമയും സാന്ത്വനവും നൽകട്ടെ എന്ന് പ്രാർഥിച്ചു.