ദോഹ: ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് തുടങ്ങി. ഓഗസ്റ്റ് 20 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 20ന് രാവിലെ 9.00 മണിക്ക് കൊച്ചിയില്‍ നിന്നാണ് ആദ്യ സര്‍വീസ്.
കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഏഴ് സര്‍വീസുകളാണ് അധികൃതര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 20ന് കൊച്ചിയില്‍ നിന്നും 21ന് കോഴിക്കോട് നിന്നും ദോഹയിലേക്ക് വിമാനങ്ങളുണ്ട്. അതിന് ശേഷം 26ന് കണ്ണൂരില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള അടുത്ത സര്‍വീസ്. 27ന് കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും ഓരോ വിമാനങ്ങളുണ്ട്. 29ന് കോഴിക്കോട് – ദോഹ സര്‍വീസും 30ന് കൊച്ചി – ദോഹ സര്‍വീസുമുണ്ടാകുമെന്നും കമ്പനി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. കേരളത്തിന് പുറമെ തിരുച്ചിറപ്പള്ളി, മുംബൈ, ദില്ലി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിമാനങ്ങളുണ്ട്.
മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളില്‍ നിന്ന് ഈ മാസം തുടക്കം മുതല്‍ തന്നെ ഖത്തര്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു. ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ പാലിക്കേണ്ട വിശദമായ നടപടിക്രമങ്ങള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പ്രത്യേക അനുമതി വാങ്ങുന്നതിന് പുരമെ ഇഹ്തിറാസ് ആപ് മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഒരാഴ്ച ക്വാറന്റീനില്‍ കഴിയാനുള്ള സംവിധാനമൊരുക്കണം. ഖത്തറില്‍ എത്തിയ ഉടന്‍ കൊവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകുകയോ അല്ലെങ്കില്‍ പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കുകയോ വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്.