ബെംഗളൂരു: കർണാടകത്തിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഷിമോഗ ബിജെപി എംഎൽഎ ഹാരതലു ഹാലപ്പയ്ക്കാണ് രോഗം സ്ഥിരീകരിച്ചത് . എംഎൽഎയുടെ ഭാര്യക്കും രണ്ട് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ച എംഎൽഎമാരുടെ എണ്ണം 11 ആയി.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്ര പെട്രോളിയം, സ്റ്റീൽ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനും കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.
ധർമേന്ദ്ര പ്രധാന്‍റെ ജീവനക്കാരിലൊരാൾക്ക് നേരത്തേ കൊവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ കൊവിഡ് ബാധിച്ച രണ്ടാമത്തെ മന്ത്രിയാണ് ധർമേന്ദ്ര പ്രധാൻ. നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് അമിത് ഷായെയും പരിശോധന വിധേയനാക്കിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.