കോവിഡ്: മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി

0
187

ന്യൂ ഡല്‍ഹി: (www.mediavisionnews.in) രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഘോഷയാത്ര നടത്തിയാല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലര്‍ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടു. അത്തരം ഒരു സ്ഥിതി ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആവശ്യം തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

കോവിഡ് ലോക് ഡൗണ്‍ കാലത്ത് ഒഡീഷയിലെ പുരി ക്ഷേത്രത്തില്‍ രഥയാത്ര നടത്താനും മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പൂജ നടത്താനും ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പുരിയിലും മുംബൈയിലെ ജൈന ക്ഷേത്രങ്ങളിലും ഒരു പ്രത്യേക സ്ഥലത്താണ് ഇളവ് അനുവദിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ മുഹറം ഘോഷയാത്ര രാജ്യവ്യാപകമായി നടത്താനാണ് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷിയാ പുരോഹിതന്‍ സയ്യദ് കല്‍ബെ ജവാദ് ആണ് രാജ്യവ്യാപകമായി ഘോഷയാത്രയ്ക്ക് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. സാമൂഹിക അകലം പാലിച്ച് അഞ്ചപേര്‍ മാത്രമുള്ള മുഹറം ഘോഷയാത്രയ്ക്ക് അനുമതി തേടി നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേര്‍ക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനങ്ങളെ കക്ഷി ചേര്‍ത്തശേഷം പരിഗണിക്കാം എന്നു വ്യക്തമാക്കി ആ ഹര്‍ജി മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here