ന്യൂദല്‍ഹി: രാമക്ഷേത്ര ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം ഒരേ വേദി പങ്കിടുകയും അടുത്ത സമ്പര്‍ക്കത്തിലാകുകയും ചെയ്ത രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു.
ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലായവരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നിരീക്ഷണത്തില്‍ പോകുന്നുവെന്ന കാര്യത്തില്‍ പിന്നീട് സ്ഥിരീകരണങ്ങളൊന്നുമുണ്ടായില്ല.
ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ക്വാറന്റീനെ ചോദ്യം ചെയ്ത് ശിവസേന മുഖപത്രമായ സാമ്‌ന രംഗത്തെത്തിയിരിക്കുകയാണ്.
ആഗസ്റ്റ് അഞ്ചിന് ഭൂമി പൂജയില്‍ പ്രധാനമന്ത്രിയോടൊപ്പവും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനൊപ്പവും വേദി പങ്കിട്ട എഴുപത്തഞ്ചുവയസ്സുകാരനായ മഹന്ത് നൃത്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു മാസ്‌ക് പോലും വെയ്ക്കാതെയാണ് അദ്ദേഹം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇദ്ദേഹത്തോട് അടുത്തിടപഴകുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്.
ബഹുമാനത്തോടെ നൃത്യ ഗോപാല്‍ ദാസിന് കൈ കൊടുക്കാനും പ്രധാനമന്ത്രി മറന്നില്ല. മഹന്ദ് നൃത്യക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി ക്വാറന്റീനില്‍ പോകാന്‍ തയ്യാറാണോ? – ഇതായിരുന്നു സാമ്‌നയിലെ വിമര്‍ശനം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചികിത്സയിലായിരുന്നു. ഈയടുത്ത ദിവസമാണ് അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവ് ആയത്.
എന്നാല്‍ പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനുമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ സ്വയം നിരീക്ഷണത്തിലേക്ക് പോകുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കനത്ത സുരക്ഷയിലായിരുന്നു അയോധ്യ ഭൂമിപൂജ സംഘടിപ്പിച്ചത്. ക്ഷേത്ര ട്രസ്റ്റ് തലവനായ നൃത്യ ഗോപാല്‍ ദാസിന് രോഗം സ്ഥിരീകരിക്കുന്നത്.
പ്രധാനമന്ത്രിയുമായി ഇദ്ദേഹം അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതായി തെളിഞ്ഞിരുന്നു. എന്നിട്ടും പ്രധാനമന്ത്രി ക്വാറന്റീനില്‍ പോയതായി യാതൊരു അറിയിപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.