തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടിന് നിയമ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ടിനോ പ്രോക്സി വോട്ടിനോ അനുമതി നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് മുൻസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യണം. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി കൂട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തവരുടെ ഹിയറിംഗ് നാളെ തുടങ്ങും. ഹിയറിംഗിന് ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് നടക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് എങ്ങനെ നടക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ അവസാനം തെരഞ്ഞെടുപ്പ് നടത്താൻ ആരോഗ്യവകുപ്പ് പച്ചക്കൊടി കാണിച്ചതോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രചാരണത്തിന് ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങൾ രാഷ്ട്രീയപാർട്ടികൾ ആലോചിക്കുകയാണ്. 65 വയസിന് മുകളിലുളളവർ എങ്ങനെ വോട്ട് ചെയ്യും, കണ്ടെൻമെന്റ് സോണുകളിൽ ബൂത്തുകളുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. ഇതിൽ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാടറിയിക്കണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ബുദ്ധിമുട്ടാണന്ന ആക്ഷേപമാണ് ബിജെപിക്കുള്ളത്. പുതുതായി പേര് ചേർക്കുന്നവരുടെ പരിശോധന വീടുകളിലെത്തി നടത്തണമെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആവശ്യം. രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം കേൾക്കാൻ അടുത്ത മാസം ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചിട്ടുണ്ട്.