കൊവിഡിന് മരുന്നെന്ന പതഞ്ജലിയുടെ പ്രചരണത്തിന് വിലങ്ങിട്ട് കോടതി; പത്തുലക്ഷം രൂപ പിഴയടക്കണം

0
228

ചെന്നൈ: കൊവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന പേരില്‍ പ്രചരണം നടത്തി ലാഭം കൊയ്തതില്‍ പതഞ്ജലിക്ക് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. കോറോണില്‍ എന്ന പേരില്‍ കൊവിഡ് രോഗ പ്രതിരോധ ബൂസ്റ്റര്‍ ഗുളികകള്‍ വില്‍ക്കുന്നതില്‍നിന്നും പതഞ്ജലിയെ വിലക്കിയുള്ള ഇടക്കാല സ്‌റ്റേ തള്ളാനും കോടതി വിസമ്മതിച്ചു.

ചെന്നൈ ആസ്ഥാനമാക്കിയുള്ള അരൂദ എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. കൊറോണില്‍-213എസ്.പി.എല്‍, കൊറോണില്‍-92ബി എന്നീ ട്രേഡ് മാര്‍ക്കുകളില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്‍ഡസ്ട്രിയല്‍ ക്ലീനിങ് കെമിക്കല്‍സ് നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇത്.

‘പതഞ്ജലിയും ദിവ്യ യോഗ മന്ദിര്‍ ട്രസ്റ്റും ആവര്‍ത്തിച്ച് പറയുന്നത് തങ്ങള്‍ 10,000 കോടി രൂപയുടെ കമ്പനിയാണെന്നാണ്. എന്നിട്ടും അവര്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരിഭ്രാന്തിയും പരത്തി കൂടുതല്‍ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ അവരുണ്ടാക്കുന്ന കൊറോണില്‍ എന്ന ഗുളിക യഥാര്‍ത്ഥത്തില്‍ ഒരു രോഗ പ്രതിരോധ മരുന്നല്ല, മറിച്ച് ജലദോഷം, പനി എന്നിവയ്ക്കുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് മാത്രമാണ്’, ജസ്റ്റിസ് സി.വി കാര്‍ത്തികേയന്‍ വിലയിരുത്തി.

ട്രേഡ് മാര്‍ക്ക് രജിസ്ട്രിയില്‍ നടത്തിയ ലളിതമായ പരിശോധനയില്‍ത്തന്നെ കൊറോണില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളതാണെന്ന് വ്യക്തമാവുന്നതാണ്. അവരത് ചെയ്തിട്ടും ആ പേര് ഉപയോഗിക്കുകയാണെങ്കില്‍ ഒരു വാദവും പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.

പിഴയിനത്തില്‍ അഞ്ച് ലക്ഷം രൂപ വീതം അഡയാര്‍ ക്യാന്‍സര്‍ സെന്ററിനും സര്‍ക്കാര്‍ യോഗ ആന്റ് ന്യൂറോപതി മെഡിക്കല്‍ കോളെജിനും നല്‍കാനും കോടതി ഉത്തരവിട്ടു. തുക ഓഗസ്റ്റ് 21ന് മുമ്പായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

പണമടച്ചതിന്റെ രേഖകള്‍ ഓഗസ്റ്റ് 25ന് മുമ്പ് മദ്രാസ് ഹൈക്കോടതി രജിസ്ട്രിയില്‍ സമര്‍പ്പിക്കണമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here