കേന്ദ്രം നിര്‍ണ്ണായക തീരുമാനത്തിലേക്ക്; പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തിയേക്കും

0
167

ന്യൂഡൽഹി∙ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റമുണ്ടായേക്കുമെന്ന സൂചന നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു ശേഷം നിർണായക നീക്കങ്ങൾ. പെൺകുട്ടികളുടെ വിവാഹ പ്രായവും ആൺകുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാലുടൻ വിവാഹ പ്രായത്തിൽ തീരുമാനമെടുക്കും. 

മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ ആലോചിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. 

1929ലെ ശാരദ ആക്ടിൽ ഭേദഗതി വരുത്തി 1978ലാണ് പെൺകുട്ടികളുടെ വിവാഹപ്രായം 15ൽനിന്ന് 18 ആയി ഉയർത്തിയത്. ഇതിലും മാറ്റം വരണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21 ഉം ആണ്. പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സ് ആക്കുമെന്നതിന്റെ സൂചനകൾ ഇക്കഴിഞ്ഞ നവംബറിലുണ്ടായിരുന്നു. ശൈശവ വിവാഹ നിരോധന നിയമത്തിൽ ഭേദഗതി വരുത്താനും നീക്കമുണ്ടായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഇതിനും സാധുതയില്ലാതാകും. 

ശൈശവ വിവാഹങ്ങൾക്ക് ഒത്താശ ചെയ്യുകയും കാർമികത്വം വഹിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ കഠിനമാക്കാനും 2019 നവംബറിൽ കേന്ദ്രം തീരുമാനിച്ചിരുന്നു. 2 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്നത് 7 വർഷം തടവും 7 ലക്ഷം രൂപ പിഴയുമാക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here