കാണാതായ മകള്‍ ആണ്‍സുഹൃത്തിനൊപ്പം: മകളെ ‘കൊന്ന കുറ്റത്തിന്’ 18 മാസമായി അച്ഛന്‍ ജയിലില്‍

0
191

ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് കരുതിയ പെൺകുട്ടി ജീവിച്ചിരിക്കുന്നതായി തെളിഞ്ഞു. പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി പൊലീസ് പിതാവിനെയും സഹോദരനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ മൂവരും കഴിഞ്ഞ 18 മാസമായി ജയിലിൽ കഴിയുകയാണ്​. വേണ്ടത്ര തെളിവില്ലാതെ നിരപരാധികളെ ഇത്രയും കാലം ജയിലിടച്ച അമ്രേഹ പൊലീസിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും നീതി ലഭിക്കാന്‍ വേണ്ടി കുടുംബം വീണ്ടും ജയിലധികൃതരെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. പെണ്‍കുട്ടിയുടെ മറ്റ് ബന്ധുക്കള്‍ തന്നെയാണ് ആൺസുഹൃത്തിനൊപ്പം ഒളിച്ചു താമസിക്കുകയായിരുന്ന പെൺകുട്ടിയെ കണ്ടെത്തിയത്​.

അമ്രോഹ ജില്ലയിലെ അദാംപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള മലാപൂർ ഗ്രാമത്തിലാണ് സംഭവം. 2019 ഫെബ്രുവരി 6 നായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ സഹോദരനായ രാഹുലാണ് പൊലീസില്‍ പരാതി നല്‍കിയത്. സഹോദരി കമലേഷിനെ കാണാനില്ലെന്നായിരുന്നു രാഹുലിന്‍റെ പരാതി. എന്നാല്‍ കേസ് അന്വേഷിച്ച പൊലീസിന്‍റെ കണ്ടെത്തല്‍ ​കമലേഷിയെ പിതാവ്​ സുരേഷും സഹോദരൻ രൂപ്​കിഷോറും സഹായി ദേവേന്ദ്രയും ചേർന്ന്​ കൊലപ്പെടുത്തിയെന്നായിരുന്നു. ഫെബ്രുവരി 18 നാണ് കൊലപാതകം നടന്നിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഒഴിഞ്ഞ സ്ഥലത്ത്​ നിന്ന്​ പെൺകുട്ടിയുടെ വസ്​ത്രങ്ങളും കൊലപാതകത്തിനുപയോഗിച്ച തോക്കും വെടിയുണ്ടയും കണ്ടെടുത്തെന്ന വിശദീകരണവും പൊലീസ് നല്‍കി.

എന്നാല്‍ കമലേഷി ഇപ്പോള്‍ അയൽഗ്രാമമായ പൗരാരയിൽ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത് രാഹുല്‍ തന്നെയാണ്. രാകേഷ്​ എന്ന ആൺസുഹൃത്തിനൊപ്പമാണ്​ കമലേഷി കഴിഞ്ഞിരുന്നത്​. ഇവർക്ക്​ ഒരു കുഞ്ഞുമുണ്ട്​.

സഹോദരി ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ്​ കെട്ടിച്ചമച്ച കേസ്​ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ രാഹുല്‍. പൊലീസ്​ ക്രൂര മർദനത്തിനിരയാക്കി ഇവരെ കുറ്റം സമ്മതിപ്പിക്കുകയാണ്​ ചെയ്​തതെന്നും കൃത്രിമ തെളിവുകൾ ഉണ്ടാക്കിയെന്നും രാഹുല്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here