ഒരേയൊരു രാത്രി കൊണ്ട് 25 കോടി രൂപയുടെ ആസ്തിയുണ്ടാവുക. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്നം പോലെ തോന്നിയേക്കാം. അല്ലെങ്കിലൊരു കെട്ടുകഥ. എന്നാല്‍ ടാന്‍സാനിയക്കാരനായ സനിന്യൂ ലെയ്‌സറുടെ ജീവിതത്തില്‍ ഇത് യഥാര്‍ത്ഥമായും നടന്ന കഥയാണ്.
ചെറിയ തോതില്‍ ഖനനങ്ങളൊക്കെ നടത്തി ജീവിച്ചുപോകുന്ന ഒരു സമുദായത്തിലെ അംഗമാണ് സനിന്യൂ. ഇക്കഴിഞ്ഞ ജൂണില്‍ ഖനനത്തിനിടെ ഏറെ പ്രത്യേകതകള്‍ തോന്നിക്കുന്ന വലിയ രണ്ട് കല്ലുകള്‍ സനിന്യൂക്ക് ലഭിച്ചു.
അദ്ദേഹമത് സര്‍ക്കാര്‍ പ്രതിനിധികളെ വിളിച്ചറിയിച്ചു. അവര്‍ വന്നുനോക്കിയപ്പോഴല്ലേ സംഗതി വമ്പന്‍ ‘ലോട്ടറി’ ആണെന്ന് മനസിലാകുന്നത്. ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക തരം രത്‌നക്കല്ലുകളായിരുന്നു അവ.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം മനുഷ്യരുടെ കൈവശമെത്തിച്ചേരുന്നവ. പച്ച, നീല, പര്‍പ്പിള്‍, ചുവപ്പ് നിറങ്ങളിലാണ് പ്രധാനമായും ഇവയുള്ളത്. നിറത്തിലെ വ്യക്തത, പ്രകാശം എന്നിവയെല്ലാം പരിഗണിച്ചാണ് ഇവയ്ക്ക് വില. എങ്ങനെ പോയാലും കോടികള്‍ വില വരും.
അങ്ങനെ ഒറ്റ രാത്രി കൊണ്ട് സനിന്യൂവിന് സര്‍ക്കാര്‍ നല്‍കിയത് 25 കോടിയിലധികം രൂപയാണ്. ഇപ്പോഴിതാ വീണ്ടും അദ്ദേഹത്തെ തേടി ഭാഗ്യമെത്തിയിരിക്കുകയാണ്. നേരത്തേ ലഭിച്ച കല്ലുകളുടെ അതേ ഇനത്തില്‍ പെടുന്ന ഒരു കല്ല് കൂടി ഖനനത്തില്‍ ലഭിച്ചിരിക്കുന്നു. ഇതിന് 15 കോടിയിലധികം രൂപയാണ് വില വരുന്നത്.
രത്‌നക്കല്ലുകള്‍ വിറ്റുകിട്ടിയ കാശ് ഗ്രാമത്തിന്റേയും സമുദായത്തിന്റേയും വികസനത്തിനായി ഉപയോഗിക്കാനാണ് സനിന്യൂയുടെ തീരുമാനം. നേരത്തേ തന്നെ രണ്ട് സ്‌കൂളുകളുടെ നിര്‍മ്മാണം സനിന്യൂയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇനിയും കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഗ്രാമത്തില്‍ നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം.