അര്‍ധരാത്രി വീടുകയറി ആക്രമണം; സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടു, അമ്മായി ഗുരുതരാവസ്ഥയില്‍

0
270

മുംബൈ: (www.mediavisionnews.in) ഈ സീസണിലെ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന കളിക്കില്ല എന്ന വാർത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ആരാധകർ സ്വീകരിച്ചത്. ചെന്നൈ ടീമിനൊപ്പം ടൂർണമെന്റിനായി യു.എ.ഇയിലെത്തിയ റെയ്ന വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് പിന്മാറുകയായിരുന്നു. തുടർന്ന് റെയ്നയുടെ പിന്മാറ്റത്തിന്റെ കാരണം അന്വേഷിക്കുന്ന തിരക്കിലായിരുന്നു ആരാധകർ. ചെന്നൈ ടീമിലെ രണ്ട് താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതാണ് കാരണമെന്ന് വരെ ആരാധകർ സംശയിച്ചു.

എന്നാൽ അമ്മാവന്റെ (അച്ഛന്റെ സഹോദരീ ഭർത്താവ്) മരണമാണ് റെയ്നയുടെ പിന്മാറ്റത്തിന് കാരണം എന്ന് ദേശീയ മാധ്യമാമയ ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബിലെ പത്താൻകോട്ടിലെ തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഓഗസ്റ്റ് 19-ന് അർധരാത്രി ഇവരുടെ വീട് ഒരു സംഘം ആളുകൾ ആക്രമിച്ചിരുന്നു.

തുടർന്ന് ഗുരുതരമായ പരിക്കുകളോടെ റെയ്നയുടെ അമ്മായി ആശാ ദേവിയേയും ഭർത്താവ് അശോക് കുമാറിനേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽവച്ച് 58-കാരനായ അശോക് കുമാർ മരിച്ചു. ആശാ ദേവി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇവരുടെ മക്കളായ 32-കാരനായ കൗശൽ കുമാറിനും 24-കാരനായ അപിൻ കുമാറിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അശോക് കുമാറിന്റെ 80-കാരിയായ അമ്മയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിലാണ് റെയ്ന യു.എ.ഇയിൽ നിന്ന് ഐ.പി.എൽ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അർധരാത്രി ഉറക്കത്തിലായിരുന്ന അശോക് കുമാറിനേയും കുടുംബത്തേയും മാരകമായ ആയുധങ്ങൾകൊണ്ട് ആക്രമിക്കുകയായിരുന്നെന്നും ദൈനിക് ജാഗരണിന്റെ റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here