മുംബൈ: (www.mediavisionnews.in) മതത്തിന്റെ പേരിലുള്ള വേർതിരിവുകൾ ഇപ്പോഴും സമൂഹത്തിലുണ്ട്. എങ്ങനെയൊക്കെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും മാനവികതയുടെയും ദയയുടെയും ഉദാഹരണങ്ങൾ ചില മനുഷ്യരിലൂടെ എന്നും നിലനിൽക്കും. അതിനുദാഹരമാണ് സമൂഹമാധ്യമങ്ങളിൽ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ബാബഭായ് പത്താൻ എന്ന യുവാവ്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശിയായ ബാബഭായ് പത്താൻറെ മാതൃകാപരമായ പ്രവൃത്തിയാണ് ഇപ്പോൾ അഭിനന്ദനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അനാഥരായ രണ്ട് ഹിന്ദുപെൺകുട്ടികളെ സഹോദരിമാരായി പത്താൻ ദത്തെടുത്തിരുന്നു.
അവരെ സംരക്ഷിക്കുകയും തന്റെ സ്വന്തം ചെലവിൽ അവരുടെ വിവാഹം നടത്തുകയും ചെയ്തു. മുസൽമാനായിരുന്നിട്ടും പെൺകുട്ടികളുടെ വിവാഹം അവരുടെ മതാചാര പ്രകാരം തന്നെ അദ്ദേഹം നടത്തി.
ബാബഭായ് പത്താന്റെ മനുഷ്യത്വവും മറ്റൊരു മതത്തിന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാനുള്ള അദ്ദേഹത്തിന്റെ വലിയ മനസുമാണ് കൈയ്യടി നേടിയിരിക്കുന്നത്.
നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. ശരിക്കുള്ള ഇന്ത്യക്കാരൻ ഇതാണെന്നും ഇതാണ് ഇന്ത്യൻ സംസ്കാരം ജനങ്ങളെ പഠിപ്പിക്കുന്നതെന്നും ഒരാൾ കുറിച്ചിരിക്കുന്നു. യഥാർഥ നായകൻ എന്നാണ് ബാബഭായ് പത്താനെ ഒരാൾ വിശേഷിപ്പിച്ചിരിക്കുന്നത്.