ന്യൂഡൽഹി: സെപ്‌തംബർ ഒന്ന് മുതൽ ആരംഭിക്കുന്ന അൺലോക്ക് നാലാം ഘട്ടത്തിൽ മെട്രോ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതുസംബന്ധിച്ച നിർദേശം ഉന്നതാധികാര സമിതി കേന്ദ്രസർക്കാരിന് നൽകിയെന്നാണ് അറിവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ മാസം അവസാനത്തോടെ പുറപ്പെടുവിക്കുന്ന ഉത്തരവിൽ മെട്രോ റെയിലിനെയും ഉൾപ്പെടുത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. നിരവധി സംസ്ഥാനങ്ങൾ മെട്രോ ട്രെയിൻ ആരംഭിക്കണമെന്ന നിർദേശവുമായി രംഗത്തെത്തിയിട്ടുണ്ട്.
മെട്രോ ട്രെയിനുകളിൽ ഒരു മണിക്കൂറിൽ കൂടുതൽ ആളുകൾ ചെലവഴിക്കുന്നില്ല. അതിനാൽ കർശനമായ മുൻകരുതലുകളോടെ സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. ഡൽഹി ഉൾപ്പടെ സംസ്ഥാനങ്ങളിലെ ജനജീവിതം പ്രധാനമായും മെട്രോ ട്രെയിനിനെ ആശ്രയിച്ചാണ്. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനാൽ തന്നെ മെട്രോ തുടങ്ങാമെന്നാണ് അരവിന്ദ് കേജ്രിവാളിന്റെ ഉൾപ്പടെ നിലപാട്. കേരളത്തിൽ കൊച്ചിയിലും മെട്രോ സർവീസ് പനരാരംഭിക്കുന്നത് നഗരവാസികൾക്ക് ഒരു പരിധി വരെ ആശ്വാസമാകും.
അന്തർസംസ്ഥാന യാത്രകൾ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് എഴുതിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എയർകണ്ടിഷൻ ചെയ്ത ബസുകളുൾപ്പെടെ ഒന്നാം തീയതി മുതൽ സർവീസുകൾ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ആയിട്ടില്ലെന്നാണ് വിവരം.