കാസർകോട്: (www.mediavisionnews.in) ജില്ലയിൽ കഴിഞ്ഞ ദിവസം മരിച്ചശേഷം കോവിഡ് സ്ഥിരീകരിച്ച കാസർകോട് മൊഗ്രാൽപൂത്തൂർ സ്വദേശി ബി.എം. അബ്ദുറഹിമാൻെറ പേര് സംസ്ഥാന സർക്കാരിൻെറ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. സംസ്ഥാനത്ത് ചികിത്സ തേടുന്നതിന് മുമ്പ് മരിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത്.
കർണാടകയിലെ ഹുബ്ലയിൽ വ്യാപാരിയായിരുന്നു അബ്ദുറഹിമാൻ. ഇദ്ദേഹത്തിന് പനി ബാധിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വെളുപ്പിന് 3.30 ഓടെ തലപ്പാടിയിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോഴേക്കും ആരോഗ്യനില വഷളായതിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് ബന്ധുക്കൾ കൊണ്ടുപോകുകയായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തിൻെറ സ്രവം പരിശോധനക്കായി ശേഖരിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
എന്നാൽ സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ അബ്ദുറഹിമാൻെറ മരണം ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ജില്ല കലക്ടർ ഡി. സജിത് ബാബു അറിയിക്കുകയായിരുന്നു. കേരളത്തിലേക്ക് വരുന്നവഴിയാണ് ഇദ്ദേഹം മരിക്കുന്നത്. നിലവിൽ കാസർകോട് നിവാസിപോലുമല്ലാത്ത ഇദ്ദേഹത്തിൻെറ മരണം എങ്ങനെ കേരളത്തിൽ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാകുമെന്നും കലക്ടർ ചോദിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 20 വർഷത്തോളമായി കർണാടകയിലെ ഹുബ്ലിയിലാണ് ഇദ്ദേഹത്തിൻെറ സ്ഥിരതാമസം. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് അദ്ദേഹം മരിച്ചതായി അധികൃതരും പറയുന്നു. ഈ കാരണത്താൽ സംസ്ഥാനത്തെ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കലക്ടർ പറഞ്ഞു. സംസ്ഥാനത്തെ മരണങ്ങളുടെ പട്ടികയിൽ അബ്ദുറഹിമാനെയും ഉൾപ്പെടുത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അതേസമയം സംഭവത്തിൽ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ജില്ല മെഡിക്കൽ ഓഫിസറോട് വിശദീകരണം ആവശ്യപ്പെട്ടതായാണ് വിവരം.