കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. സ്വര്‍ണക്കടത്ത്, സ്പ്രിംക്ലര്‍, ഇ മൊബിലിറ്റി എന്നിവയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും എന്‍.ഐ.എ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പോലും ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ കേസില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരെ കേസില്‍ എതിര്‍കക്ഷി ആക്കിയതുകൊണ്ടുമാത്രം അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി .ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്.
എത്രയും വേഗത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും ഈ ഇടപാടുകള്‍ ദേശീയ സുരക്ഷയ്ക്ക് പോലും ഭീഷണിയാണ് എന്നുമാണ് ഹരജിയിലെ ആരോപണം.