തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് സര്‍വ്വ കക്ഷിയോഗം ചേരും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്.
ഇന്ന് ഉച്ചക്ക് ശേഷമാണ് യോഗം ചേരുക. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ ഇത് സംബന്ധിച്ച് നേതാക്കളുടെ അഭിപ്രായവും തേടും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രി സഭായോഗം ചേരുന്നുണ്ട്. യോഗത്തിലായിരിക്കും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.
തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചാണ് അടിയന്തരമായി മന്ത്രിസഭാ യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന് മന്ത്രി സഭാ യോഗത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ക്യാബിനറ്റില്‍ ചില മന്ത്രിമാര്‍ സംശയം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്.
പ്രത്യേക മന്ത്രിസഭായോഗം ചേരുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രി സംസ്ഥാനത്തെ മത നേതാക്കളുടെ യോഗം വിളിക്കും. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളില്‍ നിന്നും അഭിപ്രായം തേടാനാണ് യോഗം.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തില്‍ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് അഭിപ്രായപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശിക ലോക്ക്ഡൗണ്‍ ആണ് ഉത്തമമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.