തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് കോവിഡ് വ്യാപനം സംസ്ഥാനത്ത് അതി രൂക്ഷമായതോടെ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യത. എല്ലാ ഘടകങ്ങളും പരിഗണിച്ച് മാത്രമേ ലേക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്.
വൈറസ് വ്യാപനം രൂക്ഷമായ പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് കൊണ്ട് കാര്യമില്ലെന്ന് നിഗമനത്തിലേക്കും സര്‍ക്കാര്‍ എത്തിയതായാണ് സൂചന. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ നാളെ വിളിച്ച സര്‍വ കക്ഷി യോഗത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ചര്‍ച്ചയാവും. തലസ്ഥാനത്തെ തീരദേശ മേഖലയിലും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും സമ്പര്‍ക്ക വ്യാപനം രൂക്ഷമാണ്.
സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരില്‍ 65.16 ശതമാനം പേര്‍ക്കും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 397ലേക്കും എത്തി. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് സര്‍ക്കാരിന് മുന്‍പിലുള്ള മാര്‍ഗങ്ങളില്‍ ഒന്ന്.
1038 പേർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പിടിപ്പെട്ടത്. ആദ്യമായി നാല് ജില്ലകളിൽ പ്രതിദിന രോഗികളുടെ 100 കവിഞ്ഞു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സാഹചര്യം ഗുരുതരമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നിലവിൽ ആകെ 397 ഹോട്സ്പോട്ടുകൾ സംസ്ഥാനത്തുള്ളത്.
നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടും കര്‍ണാടക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് ഇത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയും അതീവ ഗുരുതരമാവും എന്ന പ്രശ്‌നവും സര്‍ക്കാരിന് മുന്‍പിലുണ്ട്.