ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന്‍റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവായി. ജൂലൈ ആദ്യമാണ് നസീർ സൗദിയിൽ നിന്ന് തിരിച്ചെത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് മരണം.
അർബുദ രോഗിയായ നസീർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സക്കായി എത്തിയിരുന്നു. ഇവിടെ വച്ചാണ് ഞായറാഴ്ച രാവിലെ മരണം സംഭവിച്ചത്. തുടർന്ന നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധയും ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ഫലം പുറത്ത് വന്ന സാഹചര്യത്തിൽ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരോടടക്കം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകി. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകർന്നെന്നതിൽ വ്യക്തത വന്നിട്ടില്ല.
സർക്കാർ കണക്കനുസരിച്ച് കേരളത്തിൽ ഇത് വരെ 33 കൊവിഡ് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 8322 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4028 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 4257 പേർ രോഗമുക്തി നേടി.