കുമ്പള: (www.mediavisionnews.in) പുത്തിഗെ പഞ്ചായത്തിൽ കുടുംബശ്രീ അധ്യക്ഷയുടെയും മെമ്പർ സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് കുടുംബശ്രീ അക്കൗണ്ടന്റ് പണം തട്ടിയതായി ജില്ലാ മിഷൻ ഓഡിറ്റിങ്ങിൽ കണ്ടെത്തി.
ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ താത്‌കാലിക അക്കൗണ്ടന്റ് സുനിൽ പി.കട്ടത്തടുക്കയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. 2019-20 സാമ്പത്തിക വർഷത്തിലെ കണക്കുകളുമായി ബന്ധപ്പെട്ട ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി എന്നിവരുടെ വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്ന് പണം തട്ടിയെടുത്തതായാണ് വ്യക്തമായത്. പരിശോധനയിൽ 6,48,800 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട രശീതുകളോ വൗച്ചറുകളോ ഹാജരാക്കാൻ അക്കൗണ്ടന്റിന് കഴിഞ്ഞിട്ടില്ല.