വൈദ്യുതിമുടക്കം പതിവായി; രോഷാകുലരായ നാട്ടുകാര്‍ വൈദ്യുതിവകുപ്പിലെ രണ്ടു ഉദ്യോഗസ്ഥരെ തൂണില്‍ കെട്ടിയിട്ടു

0
182

ഹൈദരാബാദ്: വൈദ്യുതിമുടക്കം പതിവായതിൽ രോഷാകുലരായ നാട്ടുകാർ വൈദ്യുതിവകുപ്പിലെ രണ്ട് ജീവനക്കാരെ കെട്ടിയിട്ടു. തെലങ്കാനയിലെ മേഡക് ജില്ലയിലെ അലദുർഗിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. വൈദ്യുതി മുടക്കം സംബന്ധിച്ച പരാതി നിലനിൽക്കെ റീഡിങ് എടുക്കാൻ എത്തിയ രണ്ടു ജീവനക്കാരെയാണ് നാട്ടുകാർ തൂണിൽ കെട്ടിയിട്ടത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് ജീവനക്കാരെ മോചിപ്പിച്ചത്.

വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് വൈദ്യുതി ട്രാൻസ്മിഷൻ കോർപ്പറേഷന്റെ റീഡിങ് എടുക്കാൻ രണ്ട് ജീവനക്കാർ മേഡക് ജില്ലയിലെ അലദുർഗ് മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് ശനിയാഴ്ച പോയിരുന്നു. ഇവരെ നാട്ടുകാർ വളഞ്ഞുവെച്ച് വൈദ്യുതിമുടക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ഗ്രാമത്തിലേക്ക് മാത്രമായി ഒരു ടെക്നീഷ്യനെ വിട്ടുതരണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

വൈദ്യുതി മുടക്കം സംബന്ധിച്ച പരാതി വിളിച്ചു പറയുമ്പോൾ മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഇതോടെ ജീവനക്കാരുമായി വാക്കുതർക്കമായി. ഇതിനിടെയാണ് രോഷാകുലരായ നാട്ടുകാർ സമീപത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ തൂണിൽ ജീവനക്കാരെ കെട്ടിയിട്ടത്.

ജീവനക്കാരിൽ ഒരാൾ ഓഫീസിൽ വിവരം അറിയിച്ചു. ഇതേത്തുടർന്ന് ട്രാൻസ്കോയിലെ അസിസ്റ്റന്റ് എഞ്ചിനീയറും പോലീസ് സബ് ഇൻസ്പെക്ടറും സ്ഥലത്തെത്തി. ഇവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിലാണ് ജീവനക്കാരെ കെട്ടഴിച്ചുവിടാൻ നാട്ടുകാർ തയ്യാറായത്.

ഗ്രാമത്തിലെ വൈദ്യുതിമുടക്കതതിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ നടപടിയെടുക്കുമെന്ന് അസിസ്റ്റന്‍റ് എഞ്ചിനിയർ ഉറപ്പ് നൽകി.

അതേസമയം രണ്ട് ജീവനക്കാരുടെ പരാതിയെ തുടർന്ന് നാട്ടുകാരായ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here