വീണ്ടും സ്വർണക്കടത്ത്: കരിപ്പൂർ വിമാനത്തിലെത്തിയ യുവതിയിൽ നിന്ന്​ സ്വർണം പിടികൂടി

0
149

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. വിമാനത്താവളത്തിൽ യുവതിയിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. ചാർട്ടഡ് വിമാനത്തിൽ മസ്ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്. 

രണ്ട് മാലകളാക്കിയും പാദസരത്തിൻ്റെ രൂപത്തിലും ദേഹത്ത് അണിഞ്ഞാണ് യുവതി സ്വർണം കടത്തിയത്. ഭർത്താവിനും മക്കൾക്കുമൊപ്പമാണ് യുവതിയെത്തിയത്. സന്ദർശക വിസയിൽ മസ്ക്കറ്റിൽ പോയ ശേഷം മാസങ്ങളോളം വിദേശത്ത് കുടുങ്ങിക്കിടന്ന ശേഷമുള്ള മടക്കയാത്രയിലായിരുന്നു സ്വർണക്കടത്ത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്.  കഴിഞ്ഞ ദിവസം ഷാർജയിൽ കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു. 

കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്. കേരളത്തിലേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നത് ഒന്നോ രണ്ടോ സംഘങ്ങളല്ലെന്നും വിപുലമായ ഒരു ശൃംഖല തന്നെ സ്വർണക്കടത്തിന് പിന്നിലുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ സംഭവം.  

LEAVE A REPLY

Please enter your comment!
Please enter your name here