വാഹന പരിശോധനക്കിടെ യുവാവിനെ പൊലിസ് അകാരണമായി മർദ്ദിച്ച സംഭവം പ്രതിഷേധാർഹം: മുസ്ലിം യൂത്ത് ലീഗ്

0
154

ഉപ്പള: (www.mediavisionnews.in) ഉപ്പള നഗരത്തിൽ വാഹന പരിശോധനക്കിടെ യുവാവിനെ മർദ്ദിച്ച പൊലിസ് നടപടി പ്രതിഷേധാർഹമാണെന്നും മർദ്ദനത്തിന് നേതൃത്വം നൽകിയ പൊലിസുകാർക്കെതിരെ നടപടി വേണമെന്നും മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈ, ജന: സെക്രട്ടറി പി.വൈ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു.

സുഹൃത്തിന്റെ കൂടെ സഹോദരിയുടെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ബേക്കൂറിലെ നാസറിനെയാണ് യാതൊരു കാരണവുമില്ലാതെ പൊലിസ് തല്ലിച്ചതച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഉപ്പളയിൽ വാഹന പരിശോധന നടത്തുന്ന പൊലിസ് കൈ കാണിച്ച് ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയും റോഡരികിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ അൽപ്പം മുന്നോട്ട് പോയി ബൈക്ക് നിർത്തിയതിനാണ് പിറകിലിരിക്കുകയായിരുന്ന നാസറിനെ പൊലിസ് ലാത്തി കൊണ്ട് മർദ്ദിച്ചത്. മർദ്ദനത്തിൽ കാലിന് ഗുരുതര പരുക്കേറ്റ നാസർ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മഞ്ചേശ്വരത്ത് ക്രിമിനലുകളെ തോളിൽ കയ്യിട്ട് നടക്കുന്ന പൊലിസ് ഒരു തെറ്റും ചെയ്യാത്ത പാവം യുവാവിനെ അകാരണമായി മർദ്ദിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. മർദ്ദനത്തിന് നേതൃത്വം നൽകിയ പൊലിസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതായും യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here