ന്യൂഡല്‍ഹി: ആശങ്കയായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണവും മരണവും ദിനംപ്രതി കൂടുന്നു. 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1129 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 12 ലക്ഷം കടന്ന് 12,38,635 ആയി. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. ആകെ കോവിഡ് മരണങ്ങള്‍ 29,861 ഉം ആയി.
4.26 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7.82 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. ഒറ്റദിവസത്തിനിടെ 1129 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. യുഎസിലും ബ്രസീലിലും ഇപ്പോള്‍ ഇതേ നിരക്കിലാണ് ദിനംപ്രതിയുള്ള കോവിഡ് മരണങ്ങള്‍.
മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.37 ലക്ഷമായി. 12,556 പേര്‍ മരിക്കുകയും ചെയ്തു. 1.26 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ മരണം 3719 ആയി. 51,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 2224 പേരും മരിച്ചു.
1.86 ലക്ഷം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 3144 പേര്‍ തമിഴ്‌നാട്ടില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 1263 ഉം പശ്ചിമബംഗാളില്‍ 1221 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 75,833 കോവിഡ് ബാധിതരുള്ള കര്‍ണാടകയില്‍ 1519 പേരാണ് മരിച്ചത്.