യുപിയില്‍ കൊവിഡ് പോസിറ്റീവായ 30 പേരെ കാണാനില്ല

0
239

വരാണസി  (www.mediavisionnews.in): ഉത്തർപ്രദേശിലെ വരാണസിയിൽ കാണാതായ കൊവിഡ് രോഗികളെ കണ്ടെത്താൻ പോലിസും. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൊവിഡ് പോസിറ്റീവായ 30 പേരെ കണ്ടെത്താൻ പോലിസ് തിരച്ചിൽ ആരംഭിച്ചത്. തെറ്റായ വിവരങ്ങൾ നൽകി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചതിന് ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും പോലിസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച കൊവിഡ് പരിശോധന നടത്തിയവരിൽ ഫലം പോസിറ്റീവായ 30 പേരെക്കുറിച്ചാണ് ഇതുവരെ ഒരുവിവരവും ലഭിക്കാത്തത്. ഫലം പോസിറ്റീവായതോടെ രോഗികളെ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടത് ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്. പലരും നൽകിയ വിലാസവും ഫോൺ നമ്പറുകളും തെറ്റായിരുന്നു. ചിലരുടെ മൊബൈൽ ഫോണുകൾ സ്വിച്ച്ഓഫും. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രോഗികളെ കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് ആരോഗ്യവകുപ്പ് പോലിസിന്റെ സഹായം തേടിയത്.

രോഗികൾക്ക് ചികിൽസ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് പരിശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ ചിലർ കബളിപ്പിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശൽരാജ് ശർമ പറഞ്ഞു. ഇവർക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത് ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എസ്പി അമിത് പഥക്കിന്റെ നേതൃത്വത്തിലാണ് മുങ്ങിനടക്കുന്ന രോഗികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here