ന്യൂഡല്‍ഹി: ഭരണകൂട ഒത്താശയോടെ സംഘപരിവാരം നിയമവിരുദ്ധമായി തകര്‍ത്ത അയോധ്യയിലെ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ മുന്നിലെത്തിക്കാന്‍ നീക്കം. കുവൈത്തിലെ പ്രമുഖ അഭിഭാഷകനും ഇന്റര്‍നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഡയറക്ടറുമായ മിജ്ബില്‍ അല്‍ ഷുറേക്കയാണ് ഇതിനായുള്ള ശ്രമം നടത്തുന്നത്.
തന്റെ നീക്കത്തെക്കുറിച്ച് ട്വീറ്റില്‍ വ്യക്തമാക്കിയ മിജ്ബില്‍ ഇതില്‍ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ (എഐഎംപിഎല്‍ബി) സഹകരണം തേടി. പേഴ്‌സണല്‍ ലോ ബോര്‍ഡിന് എഴുതിയ കത്തും അദ്ദേഹം തന്റെ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച അദ്ദേഹത്തിന്റെ ട്വീറ്റ് വിസ്മൃതിയിലേക്ക് മറഞ്ഞ ബാബരി മസ്ജിദ് വിഷയം പശ്ചിമേഷ്യയിലാകെ വീണ്ടു പുനരുജ്ജീവിപ്പിക്കുകയാണ്. ആയിരങ്ങളാണ് അദ്ദേഹത്തിന്റെ ഇതുസംബന്ധിച്ചുള്ള ട്വീറ്റ്, റിട്വീറ്റ് ചെയ്യുകയും പിന്തുണ അര്‍പ്പിച്ച് മുന്നോട്ട് വരികയും ചെയ്തത്.
ഇന്ത്യയിലെ മുസ്‌ലിംകള്‍ തനിച്ചല്ല, മസ്ജിദുല്‍ അഖ്‌സയെ പോലെ ബാബരി മസ്ജിദും ഭൂമിയിലെ മുഴുവന്‍ മുസ്‌ലിംകളുടേതുമാണ്. നീതി ലഭിക്കുന്നതുവരെ സമുദായം നിശബ്ദരായിരിക്കില്ല, അനധികൃതമായി പൊളിച്ചുമാറ്റിയ സ്ഥലത്ത് ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക തന്നെ ചെയ്യും. താന്‍ നീതിക്കായി നിലകൊള്ളുന്നു എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ബാബരിയുടെ തകര്‍ച്ച ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. ഇത് ആഗോളതലത്തിലുള്ള മത-മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു പ്രശ്‌നം കൂടിയാണ്, അതിനാല്‍ ബോര്‍ഡിലെ അംഗീകൃത അംഗങ്ങളുടെ അടിയന്തിര യോഗം നടത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതിനും കേസ് നടത്തിപ്പിനും തങ്ങള്‍ക്ക് ഉത്തരവാദിത്തം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്ന കത്താണ് അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ചത്.