കൊച്ചി: പ്ലസ് ടു ഫലമറിയാമെന്ന പേരിൽ വാട്സാപ്പിൽ പ്രചരിച്ചത് അശ്ലീല വെബ്സൈറ്റിന്‍റെ ലിങ്ക് ആണെന്ന് പരാതി. ഇത് ക്ലിക്ക് ചെയ്തു ഫലം അറിയാൻ ശ്രമിച്ച വിദ്യാർഥികളും രക്ഷിതാക്കളും ശരിക്കുമൊന്ന് ഞെട്ടി. വാർത്താജാലകം എന്ന സന്ദേശത്തിന്‍റെ പേരിലാണ് പ്ലസ് ടു ഫലമറിയാനുള്ള 10 വെബ്സൈറ്റുകളുടെ ലിങ്ക് പ്രചരിച്ചത്.
യഥാർഥ സൈറ്റുകളുടെ പേരുമായി സാമ്യമുള്ളതുകൊണ്ടുതന്നെ നിരവധിപേർക്ക് അമളി പറ്റി. ഉദാഹരണത്തിന് പരീക്ഷാഭവന്‍റെ വെബ്സൈറ്റിന്‍റെ അക്ഷരങ്ങൾ മാറ്റി ‘PARESSABHAVAN’ എന്ന പേരിലായിരുന്നു ഒരു ലിങ്ക്. ഒറ്റനോട്ടത്തിൽ ലിങ്ക് വ്യാജമാണെന്ന് തോന്നുകയുമില്ല. ഇതാണ് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വിനയായത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായാണ് ഈ ലിങ്കുകൾ അടങ്ങിയ സന്ദേശം വാട്സാപ്പിലൂടെ പ്രചരിച്ചത്. അധ്യാപകർക്ക് ലഭിച്ച ലിങ്ക്, പരിശോധിക്കാതെതന്നെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വാട്സാപ്പിലേക്ക് അയച്ചുനൽകുകയായിരുന്നു.
ഫലം വന്നതോടെ വ്യാപകായി ഈ ലിങ്കുകൾ ക്ലിക്ക് ചെയ്തതോടെ രക്ഷിതാക്കളും വിദ്യാർഥികളും ശരിക്കും ഞെട്ടി. അശ്ലീല ദൃശ്യങ്ങളും വീഡിയോയും നിറഞ്ഞ വെബ്സൈറ്റുകളാണ് മുന്നിലേക്ക് വന്നത്. ഇതോടെ സ്കൂൾ ഗ്രൂപ്പുകളിൽ വ്യാപകമായി രക്ഷിതാക്കൾ പരാതിയുമായി എത്തി. ഇതേക്കുറിച്ച് അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരുകൂട്ടം രക്ഷിതാക്കളും വിദ്യാർഥികളും.